തൃശൂർ∙ ഒരു രൂപയ്ക്ക് അര മണിക്കൂർ ട്രെയ്‌ലർ. ഐനോക്സ് –പിവിആർ ഗ്രൂപ്പാണു തിയറ്ററിൽ സിനിമാ ട്രെയ്‌ലറുകൾ ഒരു രൂപയ്ക്കു പ്രദർശിപ്പിക്കാൻ തുടങ്ങിയത്. തിയറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാനും ഐനോക്സിലെ വലിയ സ്ക്രീൻ അനുഭവം പങ്കിടാനും വേണ്ടിയാണിത്.എല്ലാ ഐനോക്സ്– പിവിആർ തിയറ്ററുകളിലും ദിവസം ഒരു ഷോയാണുണ്ടാവുക. ഒരു രൂപയാണു 30 മിനിറ്റ് ഷോയ്ക്കു നൽകേണ്ടത്.
കുറഞ്ഞത് 10 ട്രെയ്‌ലറുകൾ പ്രദർശിപ്പിക്കും. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് സിനിമകളുടെ ട്രെയ്‌ലറുകളാണു പ്രദർശിപ്പിക്കുന്നത്. ട്രെയ്‌ലർ കാണുന്ന പലരും സിനിമ കാണാനായി തിയറ്ററിലെത്തുന്നുവെന്നാണു പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രദർശനത്തിൽ കണ്ടെത്തിയത്. അതുകൊണ്ടാണിതു സ്ഥിരം സംവിധാനമാക്കിയത്.
തിയറ്ററിലെ ഭക്ഷണശാല ഉപയോഗിക്കാനും ഒരു രൂപ ടിക്കറ്റുകാർക്കു കഴിയും. മൊബൈലിൽ ട്രെയ്‌ലർ കാണുന്ന പലരും സിനിമയും മൊബൈലിൽ കാണുന്നു എന്നാണു പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ തിയറ്ററിൽ ട്രെയ്‌ലർ കണ്ട പലരും വീണ്ടും ആ അനുഭവത്തിനായി എത്തുന്നു. പൊന്നിയിൻ ശെൽവൻ– 2, പാച്ചുവും അദ്ഭുത വിളക്കും, 2018 തുടങ്ങിയ സിനിമകൾ തിയറ്ററുകളിലുണ്ടാക്കിയ ചലനം തുടരുന്നതിനു കേരളത്തിലെ ഈ ട്രെയ്‌ലർ ഷോ ഉപകരിക്കുമെന്നാണു കരുതുന്നത്. സിനിമയ്ക്കൊപ്പം കൂടുതൽ ട്രെയ്‌ലറുകൾ കാണിച്ചാൽ പരാതിയുണ്ടാകാറുമുണ്ട്. അതുകൊണ്ടാണ് ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയത്. ഒരു രൂപയ്ക്കു തിയറ്റർ അനുഭവം എന്നാണ് ഐനോക്സ് ട്രെയ്‌ലർ ഷോയെ വിശേഷിപ്പിക്കുന്നത്.