ജിഡിപി 7% കടക്കുമെന്ന് ആർബിഐ

HIGHLIGHTS
  • കൃഷി, സേവന മേഖലകളുടെ പ്രകടനം മികച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ
shaktikanta-das
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്
SHARE

ന്യൂഡൽഹി∙ 2022–23 സാമ്പത്തിക വർഷത്തിലെ വളർച്ചനിരക്ക് 7% കടന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 3, 4 പാദങ്ങളിൽ രാജ്യം മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നും നിരക്ക് 7% കടന്നാൽ അതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സേവന, കൃഷി മേഖലകളുടെ പ്രകടനം മികച്ചതായിരുന്നു. അടിസ്ഥാന സൗകര്യമേഖലയിലെ പണം ചെലവഴിക്കലിൽ വർധനയുണ്ട്. സ്വകാര്യ നിക്ഷേപവും ഉയരുന്നുണ്ട്. നിർമാണ യൂണിറ്റുകൾ നിലവിൽ അവയുടെ 75% ശേഷിയും ഉപയോഗിക്കുന്നുണ്ട്.

വിലക്കയറ്റത്തോത് അടുത്ത തവണകളിൽ 4.7 ശതമാനത്തിനു താഴെയാകും. എങ്കിലും വിലക്കയറ്റത്തിനെതിരെയുള്ള റിസർവ് ബാങ്കിന്റെ യുദ്ധം അവസാനിപ്പിക്കാറായിട്ടില്ല. എൽനിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ പരിപാടിയിലാണ് ആർബിഐ ഗവർണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

നിരക്കിളവുണ്ടാകുമോ?

വളർച്ചനിരക്ക് ഉയരാനും വിലക്കയറ്റത്തോതു കുറയാനുമുള്ള സാഹചര്യം നിലനിൽക്കുമ്പോഴും പലിശ ഇളവിനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഗവർണർ വ്യക്തമാക്കിയില്ല. പലിശ നിരക്ക് വർധന അവസാനിപ്പിക്കണോ, നിരക്കിളവു നൽകണോ എന്നുള്ളതു തന്റെ കൈകളിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ഏപ്രിലിൽ നടന്ന പണനയ അവലോകന യോഗത്തിൽ ആർബിഐ നിരക്കു കൂട്ടിയിരുന്നില്ല. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 18 മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.