ലാഭക്കൊടുമുടിയിൽ ബാങ്കുകൾ

HIGHLIGHTS
  • നിക്ഷേപത്തേക്കാൾ വായ്പ കൂടുന്നതു വെല്ലുവിളി, 30 വർഷത്തിനിടയിലുളള ഏറ്റവും മികച്ച ഫലം
bank
SHARE

കൊച്ചി∙ വിവിധ ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫലപ്രഖ്യാപനം വന്നപ്പോൾ സ്വകാര്യ–പൊതുമേഖലാ ബാങ്കുകൾ വൻ ലാഭത്തിൽ. നിഷ്ക്രിയ ആസ്തിയിലും കാര്യമായ കുറവ്. ബാങ്കുകൾക്ക് ഇത്ര മികച്ച ഫലം കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അതേസമയം, നിക്ഷേപങ്ങളിൽ 10% വർധന മാത്രമുള്ളപ്പോൾ വായ്പകളിൽ 16% വർധനയുള്ളത് പുതിയ വെല്ലുവിളിയാണ്. ഇതുമൂലം വായ്പാ–നിക്ഷേപ അനുപാതം വർധിക്കും. പലിശയിൽ നിന്നുള്ള ലാഭം(നെറ്റ് ഇന്ററസ്റ്റ് മാർജിൻ) കുറയും. പലിശ നിരക്കുകൾ ഉയരാനുള്ള സാധ്യതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം (2022–2023) പൊതുമേഖലാ ബാങ്കുകൾക്കെല്ലാം കൂടി 1,04,649 കോടി രൂപയുടെ ലാഭമാണുള്ളത്. എസ്ബിഐക്ക് മാത്രം 55684 കോടിയാണ് ലാഭം. ഇതോടൊപ്പം പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തി 4%, അറ്റനിഷ്ക്രിയ ആസ്തി 1% എന്നിങ്ങനെ കുറയുകയും ചെയ്തു. മുൻ വർഷം ഇതു രണ്ടും 6.6%, 2% വീതം. ലോകത്തെ തന്നെ ഏറ്റവും ലാഭകരമായ ബാങ്കുകൾ എന്ന് ഇന്ത്യൻ ബാങ്കുകളെ ബ്രിട്ടിഷ് പ്രസിദ്ധീകരണമായ ഇക്കോണമിസ്റ്റ് അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.

എന്നാൽ 2017–18 സാമ്പത്തിക വർഷം എല്ലാ ബാങ്കുകൾക്കുമായി 87357 കോടി നഷ്ടമുണ്ടായ സ്ഥാനത്താണ് ഇന്നത്തെ ലാഭമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്കുകൾ തീരെ കുറഞ്ഞ് ബാങ്കുകൾ വൻ തോതിൽ കോർപറേറ്റ് വ്യവസായങ്ങൾക്ക് കടം നൽകിയ കാലഘട്ടത്തിലാണ് നഷ്ടവും നിഷ്ക്രിയ ആസ്തികളും കുമിഞ്ഞത്. വിജയ്മല്യയുടെ കടങ്ങൾ ഉദാഹരണം.  നഷ്ടക്കണക്ക് മറച്ചു വച്ച് ബാലൻസ്ഷീറ്റ് പ്രസിദ്ധീകരിക്കുന്നതും (എവർഗ്രീനിങ്) ബാങ്കുകൾ പതിവാക്കിയിരുന്നു. 

രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരിക്കുമ്പോഴാണ് (2015) ഈ പ്രവണതയ്ക്കു തടയിട്ടതും കടങ്ങളുടെ യഥാർഥ നില അസറ്റ് ക്വാളിറ്റി റിവ്യൂവിലൂടെ പുറത്തു വന്നതും. കഴിഞ്ഞ വർഷങ്ങളിൽ കിട്ടാക്കടങ്ങൾ കുറയ്ക്കാനും കൈവിട്ട വായ്പകൾ ഒഴിവാക്കാനും ബാങ്കുകൾ ശ്രമിച്ചതാണ് ഇപ്പോൾ ആരോഗ്യകരമായ നിലയിലേക്ക് ബാങ്കുകളെ എത്തിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA