ആലപ്പുഴ∙ പൊതുമേഖലാ ഇരുമ്പ് ഉരുക്ക് സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് താൽക്കാലികമായി പൂട്ടി. 3 ദിവസത്തേക്കാണു പ്രവർത്തനം നിർത്തിയത്. ബിൽ തുകയിൽ പിഴപ്പലിശ ഉൾപ്പെടെ 85 കോടി രൂപ കുടിശികയായതിനെത്തുടർന്നു കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതു പുനഃസ്ഥാപിക്കാൻ വൈദ്യുതിമന്ത്രി തലത്തിൽ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണു സ്ഥാപനം 28 വരെ പൂട്ടിയത്. പകരം 3 വാരാന്ത്യ അവധിദിനങ്ങൾ പിന്നീടു പ്രവൃത്തിദിനങ്ങളാക്കും.
ഘട്ടംഘട്ടമായി കടബാധ്യത വർധിപ്പിച്ച് സ്ഥാപനം പൂർണമായി അടച്ചു പൂട്ടാനാണു നീക്കമെന്നു ജീവനക്കാർ ആരോപിച്ചു. വഴിയോര വിശ്രമകേന്ദ്രങ്ങൾക്കായി ഓട്ടോകാസ്റ്റിന്റെയും മറ്റൊരു പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെയും 45 കോടി രൂപ വിലമതിക്കുന്ന 5 ഏക്കർ സ്ഥലം ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഓകിൽ) കമ്പനിക്കു പതിച്ചുനൽകാൻ നടപടി തുടങ്ങിയിരുന്നു.