Q- വസ്തു വിറ്റ് ലഭിക്കുന്ന പണത്തിന് മൂലധന നേട്ട നികുതി ബാധകമാണോ? ഇത് എങ്ങനെയാണു കണക്കാക്കുക? വീണ്ടും സ്ഥലം വാങ്ങാനാണ് പണം ഉപയോഗിക്കുന്നതെങ്കിൽ നികുതിയുണ്ടോ? (സച്ചിൻ കുര്യാക്കോസ് നിലമ്പൂർ)
A- വസ്തു വിൽപനയിലൂടെയുള്ള മൂലധന നേട്ടത്തിന് ആദായ നികുതി ബാധകമാണ്. വാങ്ങിയ തീയതി മുതൽ 12 മാസം വരെ കൈവശം വച്ചതിനുശേഷം ആണ് വിൽപന നടത്തുന്നത് എങ്കിൽ ഹ്രസ്വകാല മൂലധന നേട്ടത്തിൻമേലുള്ള നികുതി ബാധ്യതയാണ് ഉള്ളത്. ഇതിൽ കൂടുതൽ സമയം കൈവശം വച്ചതിനു ശേഷം വിൽപന നടത്തുമ്പോൾ ദീർഘകാല മൂലധന നേട്ടത്തിനുന്മേലുള്ള നികുതി ബാധ്യതയാണ് ഉണ്ടാകുക. വിൽപന തുകയിൽ നിന്ന് വസ്തുവിന്റെ വാങ്ങിയ വില കുറയ്ക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്മേൽ ആണ് നികുതി ബാധ്യത കണക്കാക്കേണ്ടത്.
ഹ്രസ്വകാല നേട്ടമാണെങ്കിൽ ഈ ലാഭത്തെ 'ക്യാപിറ്റൽ ഗെയിൻസ്' ( മൂലധന നേട്ടം) എന്ന വരുമാന ഗണത്തിനടിയിൽ ഉൾപ്പെടുത്തി മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടി ആ മൊത്ത വരുമാനത്തിന്മേൽ വ്യക്തികൾക്ക് ബാധകമായ സ്ലാബ് റേറ്റ് പ്രകാരമാണ് നികുതി.ദീർഘകാല മൂലധന നേട്ടം ആണെങ്കിൽ ലാഭം കണക്കാക്കുമ്പോൾ വിൽപന തുകയിൽ നിന്ന് വാങ്ങിയ വില കുറവ് ചെയ്യുന്നതിന് പകരം ഇൻഡക്സേഷൻ ആനുകൂല്യം കഴിഞ്ഞുള്ള കൂടിയ വാങ്ങിയ വില കുറവ് ചെയ്യാവുന്നതാണ്. ഇങ്ങനെ കുറവ് ചെയ്യുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ 20 ശതമാനം ആണ് ദീർഘകാല മൂലധന നേട്ടത്തിൻമേൽ ഉള്ള നികുതി ബാധ്യത.
സ്ഥലം വിറ്റാലും വീട് വിറ്റാലും വിൽപന തീയതിയിൽ നിന്ന് രണ്ടുവർഷത്തിനുള്ളിലോ, ഒരു വർഷം മുൻപോ വേറൊരു വീട് വാങ്ങിയാൽ നികുതി ബാധ്യതയിൽ നിന്ന് ഒഴിവു നേടാം. സ്‌ഥലം മാത്രം വാങ്ങിയതുകൊണ്ട് നികുതി ബാധ്യതയിൽ നിന്ന് ഒഴിവു ലഭ്യമല്ല. സ്‌ഥലം ആണ് വാങ്ങുന്നതെങ്കിൽ ആ സ്‌ഥലത്തു മൂന്നു വർഷത്തിനുള്ളിൽ വീട് പണിതാലേ നികുതി ബാധ്യതയിൽ നിന്ന് ഒഴിവു നേടാനാകൂ. - പ്രശാന്ത് ജോസഫ് , ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി