ADVERTISEMENT

ഫോൺ മണിയടി ഒച്ച കേട്ട് അപ്പാപ്പൻ എടുത്തപ്പോൾ കേട്ടത് ഏതോ കിളിമൊഴി: സ്വകാര്യ ബാങ്കിൽ നിന്നുള്ള റിലേഷൻഷിപ് എക്സിക്യൂട്ടീവാണ്. സംശയം തീരാതെ അപ്പാപ്പൻ ചോദിച്ചു–എന്തോന്ന് എക്സിക്യൂട്ടീവാണെന്നാ പറഞ്ഞേ...? റിലേഷൻഷിപ്....!

‘എന്റെ കൊച്ചേ എനിക്കു വയസ്സായി. ആയകാലത്ത് എനിക്കും ഉണ്ടായിരുന്നു ചില റിലേഷൻഷിപ്പൊക്കെ. ഇപ്പൊ അതെല്ലാം ഒഴിവാക്കിയിട്ടു കാലം കുറച്ചായി. അമ്മാമ്മ ഇതുവല്ലോം കേട്ടാൽ ആകെ പുകിലാകും. കൊച്ച് ഫോൺ വെച്ചേച്ച് പോ...’’

അയ്യോ അപ്പാപ്പാ ഇത് ആ റിലേഷൻഷിപ്പല്ല, പ്രീമിയം ബാങ്ക് അക്കൗണ്ടുള്ളവർക്ക് നേരിട്ടു ബന്ധപ്പെടാനുള്ള റിലേഷൻഷിപ് എക്സിക്യൂട്ടീവാണ്. അപ്പാപ്പന് മ്യൂച്വൽ ഫണ്ടോ, ഇൻഷുറൻസോ വല്ലതും വേണോ?

ഇതൊന്നും വേണ്ടെന്നു പറഞ്ഞപ്പോൾ വെൽത്ത് മാനേജ്മെന്റിലേക്കു കടന്നു. എത്ര വെൽത്ത് ഉണ്ടെങ്കിലും ഞങ്ങൾ മാനേജ് ചെയ്യാം. വീടും പറമ്പും കുറച്ച് ബാങ്ക് ബാലൻസും പിന്നെ സ്വന്തം തടിയുമല്ലാതെ വേറേ വെൽത്ത് ഒന്നുമില്ലെന്ന് അപ്പാപ്പൻ പറഞ്ഞു. ഹെൽത്ത് ഈസ് വെൽത്ത് എന്നാ...!! അത് മാനേജ് ചെയ്യുന്നുണ്ട്...എനിക്ക് എടിഎം കാർഡ് പോലുമില്ല കൊച്ചേ. ബാങ്കിൽ നേരിട്ടു ചെന്നാ കാശെടുക്കുന്നതും ഇടുന്നതുമെല്ലാം. ഇനി ഈ പ്രായത്തിൽ അതൊക്കെ മതി. പുതിയ കുന്ത്രാണ്ടമൊന്നും വേണ്ട.

ഫോൺ താഴ്ത്തി വച്ചപ്പോൾ പിന്നേം മണിയടി. ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നാണത്രെ. ഇതും റിലേഷൻഷിപ്പാണ്. ങ്ഹേ...ഹോട്ടലിലും റിലേഷൻഷിപ്പോ...? അതെ, അപ്പാപ്പന് പ്രീമിയർ മെംബർഷിപ് തരട്ടെ? വർഷത്തിൽ രണ്ടു ദിവസം താമസിക്കാം, ഫ്രീ ഡിന്നർ കൂപ്പൺ, കേക്ക്, വൈൻ, ഫുഡിനും ഡ്രിങ്ക്സിനും ഡിസ്കൗണ്ട്....!

ഡ്രിങ്ക്സിനും ഡിസ്കൗണ്ട് എന്നു കേട്ടപ്പോൾ അപ്പാപ്പനു ലേശം താൽപര്യമായി. എന്നാൽ പിന്നെ ഒരു മെംബർഷിപ് എടുത്തോ എന്ന് ഔദ്യാര്യപൂർവം പറഞ്ഞു. പക്ഷേ ശകലം മുടക്കുണ്ട്. എത്രയാ? 18,500 രൂപ!

ഇത്രേം കാശുണ്ടെങ്കിൽ സ്വന്തമായി മുറിയെടുത്തു താമസിക്കുകയോ, കള്ളുകുടിക്കുകയോ ഡിന്നർ കഴിക്കുകയോ കേക്ക് വാങ്ങുകയോ ചെയ്യാമല്ലോ....പിന്നെന്തിനാ ഇങ്ങനൊരു ഇടപാട് എന്ന് അപ്പാപ്പൻ സംശയം പ്രകടിപ്പിച്ചതോടെ ഫോൺ കട്ടായി.

നാട്ടിലാകെ ഇമ്മാതിരി റിലേഷൻഷിപ്പുകളാണ്. ബാങ്കിലും ഹോട്ടലിലും ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് കമ്പനികളിലുമെല്ലാം. റിലേഷൻഷിപ്പുകാർക്ക് അവരുടെ കാര്യം കാണണമെന്നേയുള്ളു മിക്കപ്പോഴും. കാര്യം കഴിഞ്ഞാൽ കറിവേപ്പില! പിന്നെ അങ്ങോട്ട് വിളിച്ചാലും ഫോണെടുക്കണമെന്നില്ല.

ജോലിയിൽ നിന്നു വിരമിക്കാൻ പോകുന്നവർക്കു നിർത്താതെ ഫോണടിക്കും. കുറച്ച് കാശ് കയ്യിൽ വരാൻ പോകുന്നെന്ന് എങ്ങനെയോ മണത്തറിഞ്ഞു.

ഒടുവിലാൻ∙ വണ്ടിക്കച്ചവട കമ്പനികൾക്കുമുണ്ട് റിലേഷൻഷിപ്പുകാർ. വണ്ടി സർവീസ് ചെയ്യാൻ സമയമായെന്നും മറ്റും വിളിച്ചറിയിക്കും. മരണവീട്ടിൽ നിൽക്കുമ്പോഴായിരിക്കും സാർ ഇപ്പോ സർവീസ് ചെയ്താൽ ഡിസ്കൗണ്ട് കിട്ടും തുടങ്ങിയ വായ്ത്താരികൾ! പല നമ്പറുകളും ബ്ലോക് ചെയ്യാതെ നിവൃത്തിയില്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com