ആലപ്പുഴ∙ സ്റ്റോക്ക് കെട്ടിക്കിടന്നതിനെത്തുടർന്നു നിലച്ച കയർ സംഭരണം കയർഫെഡ് ഇന്നു പുനരാരംഭിക്കും. കയർ ഉൽപാദക സംഘങ്ങൾക്കുള്ള കുടിശിക വിതരണവും ഇന്നു തുടങ്ങും. മന്ത്രി പി.രാജീവ് ഇതു സംബന്ധിച്ചു നിർദേശം നൽകി. കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ, കെട്ടിക്കിടക്കുന്ന കയർ നശിച്ചേക്കാമെന്നതും കയർപിരി തൊഴിലാളികൾക്കു ജോലി കുറയുമെന്നതും പരിഗണിച്ചാണ് ഈ നിർദേശം.
8 കോടിയോളം രൂപയാണു സംഘങ്ങൾക്കു കയർഫെഡ് കൊടുക്കാനുള്ളത്. ആലപ്പുഴ മേഖലയിലെ സഹകരണ സംഘങ്ങൾക്കായി 2.94 കോടി, കോഴിക്കോട് മേഖല– 50 ലക്ഷം, കൊച്ചി– 25 ലക്ഷം, കൊല്ലം– 40 ലക്ഷം എന്നിങ്ങനെ ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. വില സ്ഥിരതാ ഫണ്ട്, സർവീസ് ചാർജ് ഇനങ്ങളിലായി കയർഫെഡിനു നൽകാനുള്ള മൂന്നരക്കോടി രൂപ സർക്കാർ അനുവദിച്ചു.