ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തു പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. വില ഇന്നലെ കിലോഗ്രാമിന് 23 രൂപയിലെത്തി. 5 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ വർഷം ഈ സമയത്ത് 27 രൂപയുണ്ടായിരുന്നു. ഉൽപാദനച്ചെലവെങ്കിലും കർഷകനു കിട്ടാൻ 35 രൂപ വേണം. സർക്കാരിന്റെ സംഭരണനടപടികൾ കർഷകനു ഗുണകരമായിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പൊതുവിപണിയിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞത്. 

സംസ്ഥാനത്ത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) 77 കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്. കിലോഗ്രാമിന് 34 രൂപ നിരക്കിലാണ് സംഭരണം. കഴിഞ്ഞ വർഷവും വിഎഫ്പിസികെ സർക്കാർ നിർദേശപ്രകാരം പച്ചത്തേങ്ങ സംഭരിച്ച് കേരഫെഡിനു കൈമാറിയിരുന്നു. 10,000 ടൺ തേങ്ങയാണു കർഷകരിൽനിന്നു സംഭരിച്ചത്. ഇത്തവണയും സംഭരണം തുടരും. ആഴ്ചയിൽ 2 ദിവസമാണ് കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്. 

കോഴിക്കോട് ജില്ലയിൽ ‍മാത്രം ഏപ്രിൽ ഒന്നു മുതൽ മേയ് 25 വരെ 921 ടൺ സംഭരിച്ചിട്ടുണ്ട്. ഓരോ തെങ്ങിൽനിന്ന് 70 പച്ചത്തേങ്ങ വീതം, 6 തവണകളായി ഓരോ കർഷകനിൽനിന്നും 4200 പച്ചത്തേങ്ങയാണ് ഒരു വർഷം വിഎഫ്പിസികെ സംഭരിക്കുന്നത്. സഹകരണസംഘങ്ങളും പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. എന്നാൽ പണം ലഭിക്കാൻ കർഷകർക്കു താമസം നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം സംഭരിച്ച വിത്തുതേങ്ങയുടെ പണം ഇനിയും കർഷകർക്കു ലഭിച്ചിട്ടില്ല. ഇതു ലക്ഷങ്ങൾ വരും.

കൃഷിഭവനിൽ നിന്നുള്ള സാക്ഷ്യപത്രം വേണം

കോഴിക്കോട്∙ സർക്കാർ നിർദേശപ്രകാരം സംസ്ഥാനത്ത് കൊപ്രസംഭരണത്തിനും വിഎഫ്പിസികെ തയാറെടുപ്പു തുടങ്ങി. വിഎഫ്പിസികെയ്ക്കു കീഴിൽ സംസ്ഥാനത്ത് നിലവിലുള്ള 290 സംഭരണകേന്ദ്രങ്ങളിൽ കൊപ്രസംഭരണത്തിനും സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പഴങ്ങളും പച്ചക്കറികളുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഭരണകേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നത്. കൊപ്രസംഭരണം കർഷകരിൽനിന്നു മാത്രമായിരിക്കും. കർഷകർ കൃഷിഭവനുകളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണമെന്ന് എംഡി വി.ശിവരാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com