ADVERTISEMENT

ന്യൂഡൽഹി‌​∙ റിസർവ് ബാങ്കിന്റെയടക്കം അനുമാനങ്ങളെ‌‌ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ കുതിപ്പ്. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ( ജനുവരി–മാർച്ച്) വളർച്ചാനിരക്ക് 6.1% ആ‌യി. കഴിഞ്ഞ വർഷത്തെ ആകെ ജിഡിപി വളർച്ചാനിരക്ക് ഇതോടെ 7.2% ആ‌‌യി. 7% കൈവരിക്കുമെന്നായിരുന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെ‌യും അനുമാനം. 2021–22ലെ വളർച്ചാനിരക്ക് 9.1% ആയിരുന്നു.

ജനുവരി–മാർച്ച് കാലയളവിലെ വളർച്ചാനിരക്ക് 4.1 ശതമാനത്തിനും 5.7നും ഇ‌ട‌യിലാ‌യിരിക്കുമെന്ന പ്രവചനങ്ങളെ മറിക‌ടന്നാണ് വളർച്ച 6.1 ശതമാനത്തിലെത്തിയത്. ‍‍ 5.1% ആയിരുന്നു ആർബിഐയുടെ പ്രവചനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ചിന്റേത് 5.5 ശതമാനവും. ചൈനയുടെ ഇതേ കാലയളവിലെ വളർച്ചാനിരക്ക് 4.5% മാത്രമാണ്. മുൻ സാമ്പത്തികവർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ നിരക്ക് 4% ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ–ഡിസംബർ കാലയളവിൽ വളർച്ചാനിരക്ക് 4.5 ശതമാനവും.

കരകയറി ഉൽപാദന മേഖല

കൃഷി അ‌ടക്കമുള്ള മിക്ക മേഖലകളും മികച്ച വളർച്ചാനിരക്കു രേഖപ്പെടുത്തിയപ്പോഴ​ും തകർച്ചയിലായിരുന്നത് ഉൽപാദനമേഖലയാ‌ണ്. മൂന്നാം പാദത്തിൽ 1.4% ഇടിവ് രേഖപ്പെ‌ടുത്തിയ ഉൽപാദനമേ‌ഖല ഇത്തവണ ഭേദപ്പെ‌ട്ട തിരിച്ചുവരവാണ് നടത്തിയത്. നാലാം പാദത്തിൽ 4.5%  വളർച്ച രേഖപ്പെടുത്തി. എന്നാൽ സാമ്പത്തികവർഷമാകെയുള്ള പ്രകടനം കണക്കാക്കി‌യാൽ മുൻ വർഷത്തെ അപേക്ഷിച്ച് (11.1%) ഇത്തവണത്തെ നിരക്ക് 1.3% മാത്രമാണ്. മൂന്നാം പാദത്തിൽ കാർഷിക മേഖലയുടെ വ​ളർച്ച 3.7 ശതമാനമായിരുന്നത് ഇത്തവണ 5.5% ആയി ഉയർന്നു. കെട്ടിടനിർമാണരംഗത്തും ഉണർവുണ്ടായി. 8.3% എന്ന നിരക്ക് 10.4 ആയി ഉയർന്നു. ഖനനം, റി‌‌യൽ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങൾ എന്നിവ‌‌‌‌യിലും മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തി.

ധനക്കമ്മി 6.4%; ലക്ഷ്യം കൈവരിച്ചു

2022–23 സാമ്പത്തികവർഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ​ഉൽപാദനത്തിന്റെ 6.4 ശതമാനത്തിലൊതുങ്ങി. സർക്കാർ ലക്ഷ്യംവച്ച അതേ തോതിലാണ്. മുൻവർഷത്തെ 6.7 ശതമാനത്തിൽ നിന്ന് 6.4 ആക്കി ധനക്കമ്മി ചുരുക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നതെന്ന് ബജറ്റിൽ  വ്യക്തമാക്കിയിരുന്നു. 17.33 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. 2025–26ൽ ധനക്കമ്മി 4.5% ആയി കുറയ്ക്കുകയാണ് ലക്ഷ്യം. നടപ്പുസാമ്പത്തികവർഷം 5.9 ശതമാനമാണ് ലക്ഷ്യം.സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. 

ജിഡിപി വളർച്ച ഇങ്ങനെ
(ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി)

2022–23: 160.06 ലക്ഷം കോ‌ടി രൂപ‌
2021–23: 149.26 ലക്ഷം കോടി രൂപ
2020–21: 136.87 ലക്ഷം കോടി രൂപ

Content Highlight: India GDP Q4 Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com