വീണ്ടും 2,000 കോടി കടമെടുക്കുന്നു

kerala
SHARE

തിരുവനന്തപുരം ∙ സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു മാസം പിന്നിടുമ്പോൾ തന്നെ നാലാമത്തെ കടമെടുപ്പിനു സർക്കാർ. ഇൗ മാസം 6ന് 2,000 കോടി രൂപ കൂടിയാണു സർക്കാർ കടമെടുക്കുക. ഇതോടെ ഇൗ വർഷം കടമെടുപ്പ് 6,000 കോടിയായി. കേരളത്തിന്റെ കടമെടുപ്പു പരിധി 32,442 കോടിയിൽ നിന്ന് 15,390 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ ശേഷിക്കുന്ന തുക സാവധാനം കടമെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ 11,500 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചതിനാൽ വരും ദിവസങ്ങളിൽ‌ വലിയ ചെലവാണ് മുന്നിൽക്കാണുന്നത്. അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ നിന്ന് പെൻഷൻ ഫയലുകൾ വേഗത്തിൽ പാസാക്കുന്നതിനാൽ ഇൗ മാസം തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ട്. ഇതു കണക്കിലെടുത്താണ് വീണ്ടും കടമെടുക്കുന്നത്.

മേയ് 2ന് 7.45% പലിശയ്ക്ക് 1,500 കോടിയും മേയ് 23ന് 7.29% പലിശയ്ക്ക് 500 കോടിയും മേയ് 30ന് 7.32% പലിശയ്ക്ക് 2,000 കോടി രൂപയും കടമെടുത്തിരുന്നു. ഇനി 2,000 കോടി കൂടി എടുക്കുന്നതോടെ കടമെടുക്കാൻ അവശേഷിക്കുന്നത് 9,390 കോടിയാണ്. ഇൗ തുക വരും മാസങ്ങളിൽ ശമ്പളവും പെൻഷനും പോലും കൊടുക്കാൻ തികയില്ല. കടമെടുപ്പ് കണക്കു സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചാലും പരമാവധി ഇൗ വർഷം 20,000 കോടി രൂപ മാത്രമേ കടം അനുവദിക്കൂ എന്നാണ് കേരളം കരുതുന്നത്. അതിനാൽ കടമെടുപ്പ് അവകാശം വെട്ടിക്കുറയ്ക്കുന്നത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിൽ മറ്റു സംസ്ഥാനങ്ങളുടെ സഹകരണവും തേടിയേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.