ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 9 ദിവസങ്ങളിലായി നടത്തിയ സിംഗപ്പൂർ – ജപ്പാൻ യാത്ര വഴി സംസ്ഥാനത്തെത്തിയത് 3,233 കോടി രൂപയുടെ നിക്ഷേപം. പദ്ധതികൾ പൂർത്തിയാകുന്നതോടെ 5000 പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജപ്പാൻ കമ്പനിയായ മിത്‌സുബിഷി റഫ്രിജറേറ്റർ നിർമാണത്തിനായി 1,891 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനു പിന്നാലെ കുയുക്കോട്ട, മിച്ചുപാസ, ബാലികോ സ്റ്റോബിൽ, ബാലികോ ചാട്ടോസ്ജി, ഓമ്രോൺ ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളാണു പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്.
ചെറുകിട, സൂക്ഷ്മ വ്യവസായ വികസനം, ബിസിനസ് വികസനം, ഉന്നത വിദ്യാഭ്യാസ നൈപുണ്യ പരിശീലനം എന്നീ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പിട്ടു. അടുത്ത ജനുവരിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ടെന്നും ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയാണ് ലക്ഷ്യമെന്നും സ്റ്റാലിൻ പറഞ്ഞു.