കൊച്ചി ∙ ലോകത്തെ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്റോക്ക്, ആഗോള എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (69,247 കോടി രൂപ) വെട്ടിക്കുറച്ചു. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപകനായ ബൈജൂസിൽ ഒരു ശതമാനത്തിൽ താഴെ ഓഹരികൾ കൈവശം വച്ചിരുന്ന നിക്ഷേപക സ്ഥാപനം കൂടിയാണു ബ്ലാക്ക് റോക്ക്.
8 മാസത്തിനിടെ, രണ്ടാം തവണയാണു ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറച്ചത്. ബൈജൂസിനു കഴിഞ്ഞ വർഷം ഏപ്രിലിൽ 1.81 ലക്ഷം കോടി രൂപ മൂല്യം കൽപിച്ചിരുന്ന സ്ഥാനത്ത് ഒക്ടോബറിൽ 1150 കോടി ഡോളറായും (94, 530 കോടി രൂപ) ഇപ്പോൾ 840 കോടി ഡോളർ ആയുമാണു താഴ്ത്തിയത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനിൽ സമർപ്പിച്ച ഫയലിങ്ങിലാണു ബ്ലാക്ക്റോക്ക് ഇക്കാര്യം അറിയിച്ചത്.
വൻതോതിൽ നിക്ഷേപം സമാഹരിക്കാനായി ബൈജൂസ് ശ്രമിക്കുന്നതിനിടെയാണു ബ്ലാക്റോക്ക് പ്രതികൂല അനുമാനം നടത്തിയത്. ഏകദേശം 100 കോടി ഡോളർ (ഏകദേശം 8240 കോടി) സമാഹരിക്കാനാണു ശ്രമം. ഇതിനകം, 250 കോടി ഡോളർ (ഏകദേശം 2000 കോടി രൂപ) നിക്ഷേപം ബൈജൂസ് സമാഹരിച്ചിരുന്നു.