ന്യൂഡൽഹി / തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിന്റെ പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയതിനെതിരെ തുടർനടപടികൾക്കു ടെക്നോപാർക്കും പദ്ധതിയുടെ നിർമാണ ചുമതലയുള്ള ടോറസ് കമ്പനിയും തയാറെടുക്കുന്നു.
പരിസ്ഥിതിക്കു കോട്ടമുണ്ടാകാതെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പുതിയ അനുമതി തേടുകയാണു ലക്ഷ്യം. അമേരിക്കൻ കമ്പനിയായ ടോറസിന്റെ ഇന്ത്യൻ പതിപ്പ് ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സിന്റെ ഉപവിഭാഗമായ ഡ്രാഗൺ സ്റ്റോൺ ആണു നിർമാണം. 7 ഏക്കറിലേറെ സ്ഥലത്ത് വാണിജ്യ ആവശ്യങ്ങൾക്കായി നടത്തുന്ന നിർമാണത്തിനെതിരെയാണു ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിന്റെ നടപടി.
അതേസമയം, ചട്ടങ്ങൾ പാലിക്കാതെ പരിസ്ഥിതി അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ വനം പരിസ്ഥിതി മന്ത്രാലയത്തോടു ശുപാർശ ചെയ്തു. സംസ്ഥാന എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയാണ് അനുമതി നൽകിയത്.
എന്നാൽ, ഈ പ്രദേശത്ത് നിർമാണം തുടങ്ങിയിട്ടില്ലെന്നാണ് ടോറസിന്റെ നിലപാട്. ഉത്തരവ് പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്നും ടോറസ് അറിയിച്ചു. ഓഫിസ് സമുച്ചയത്തിനു പുറമേ, ഫ്ലാറ്റും ഷോപ്പിങ് സെന്ററും ഹോട്ടലും ഉൾപ്പെടെയുള്ള നിർമാണങ്ങളുണ്ട്. സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ച് പദ്ധതി രണ്ടായി വിഭജിച്ചതിന് 15 കോടി രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.
3 മാസത്തിനകം പിഴത്തുക കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരു ഓഫിസിൽ കെട്ടിവയ്ക്കണം. 2021 ലാണ് സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ (എസ്ഇഐഎ) അനുമതി ലഭിച്ചത്. നിയമ ലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ഇനിയെന്ത്?
നിർമാണം തുടരണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിച്ച് പരിസ്ഥിതി അനുമതി നേടിയെടുക്കേണ്ടിവരും. പുതിയ പരിസ്ഥിതി ആഘാത പഠനവും വേണ്ടിവരും.
എന്തുകൊണ്ട് അനുമതിയില്ല?
∙ പദ്ധതി പ്രദേശത്തിനടുത്തുള്ള ജലാശയങ്ങളെയും സ്രോതസുകളെയും പ്രതികൂലമായി ബാധിക്കും.
∙ തെറ്റിയാർ, വേളി, ആക്കുളം കായൽ എന്നിവയ്ക്കു നിർമാണം ദോഷകരമാകുമെന്നു വിലയിരുത്തൽ.
∙ 1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കു പാരിസ്ഥിതികാഘാത പഠനം (ഇഐഎ) വേണമെന്ന ചട്ടത്തിന്റെ ലംഘനം. 1.33 ലക്ഷം ചതുരശ്ര മീറ്ററിൽ മാത്രം പദ്ധതിക്ക് അനുമതി നേടിയശേഷം അനുബന്ധ ജോലികളെന്ന നിലയിൽ 1.37 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമാണം തുടങ്ങി.