ADVERTISEMENT

സൗദി അറേബ്യ. രാജ്യാന്തര വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം കുറച്ച് സൗദി അറേബ്യ. ഒപെക്+ രാജ്യങ്ങൾ ക്രൂഡ് വിതരണത്തിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും വിലയിൽ വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യം ദിവസേന 10 ലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഒപെക് കൂട്ടായ‍്മയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വിയന്നയിൽ വച്ച് പ്രതിനിധികളുമായുള്ള കൂടിക്കാഴ‍്ചയ്ക്ക് ശേഷം ജൂലൈ മുതൽ തീരുമാനം പ്രാവർത്തികമാക്കും. ഒപെക്+ കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളും 2024 വർഷാവസാനം വരെ ക്രൂഡ് ഓയിൽ വിതരണത്തിലെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് അമേരിക്കയിൽ പണപ്പെരുപ്പം ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞു. ഇത് ലോകത്താകമാനം പ്രതിഫലിച്ചു. അതിനാൽ വരും മാസങ്ങളില്‍ വിതരണം തടസപ്പെടാതിരിക്കാൻ വേണ്ട നടപടികൾ ആരംഭിക്കുകയാണെന്ന് സൗദിയിലെ ഊർജകാര്യ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉത്പാദനം കുറച്ചാലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്യ്ക്കും ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലേയും യൂറോപ്പിലേയും സാമ്പത്തിക പ്രതിസന്ധി ആശങ്കയുളവാക്കുന്നതാണ്. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചത് ആശ്വാസമാണ്. ഒപെക് രാജ്യങ്ങളിൽ ക്രൂഡ്ഓയിൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സൗദിയും ഏപ്രിലിൽ 11.6 ലക്ഷം ടൺ ബാരൽ ഉത്പാദനം കുറച്ചിരുന്നു. 

സൗദി റിയാലിൽ ഓയിൽ റിഫൈനറിയുടെ ചിത്രം ( Photo credit:Tamer Soliman/iStock)
സൗദി റിയാലിൽ ഓയിൽ റിഫൈനറിയുടെ ചിത്രം ( Photo credit:Tamer Soliman/iStock)

പ്രസിഡന്റ് ജോബൈഡൻ യുഎസിൽ മിഡ്ടേം ഇലക്ഷനോടനുബന്ധിച്ച് എണ്ണവില ഉയരുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഒക്ടോബറിൽ പ്രതിദിനം 20ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കുമെന്ന് ഒപെക്+ രാജ്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇത് വിപണിയിൽ ചെറിയ രീതിയിൽ എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 87 ഡോളറിലെത്തിയപ്പോൾ യുഎസ് ക്രൂഡ് 70 ഡോളറിലേക്കെത്തി. ക്രൂഡ് വില കുറഞ്ഞത് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ധനവില പിടിച്ചുനിർത്താൻ സാധിച്ചു. 20 യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന്റെ ഗുണം ലഭിച്ചു. എന്നാൽ വില കുറയുന്നത് സൗദിയടക്കമുള്ള രാജ്യങ്ങളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കും.  വില ഒരുപരിധിയിൽ കുറയാതെ നിൽക്കേണ്ടത് രാജ്യത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണ്.

രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) കണക്കിനുസരിച്ച്  ബാരലിന് 80.90 ഡോളർ ലഭിച്ചാൽ മാത്രമേ സൗദിക്ക് സാമ്പത്തികമായി നേട്ടമുള്ളൂ. രാജ്യത്തെ സ്വപ്ന പദ്ധതിയായ നിയോം ഡെസെർട്ട് സിറ്റിക്ക് മാത്രം വേണ്ടത് 50,000 കോടി ഡോളറാണ്. ലോകത്തെ എണ്ണ ഉത്പാദക രാജ്യങ്ങളിലൊക്കെ ക്രൂഡ് ഓയിലിന്റെ വില കുറയാതെ നോക്കേണ്ടത് ഇത് പ്രധാന സാമ്പത്തിക സ്രോതസ്സായത് കൊണ്ടാണ്. എന്നാൽ വില കൂടി കഴിഞ്ഞാൽ‌ ലോകത്താകമാനം ഇന്ധനവില ഉയരാനും ഇത് സ്വാഭാവികമായും മറ്റു ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. കേന്ദ്ര ബാങ്കുകൾക്ക് പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടി വരുന്നതും ഇത്തരം സാഹചര്യത്തിലാണ്. 

English summary: Saudi Arabia cuts oil output by 1 million barrel per day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com