ADVERTISEMENT

വസ്തു വിറ്റതിന്റെ അഡ്വാൻസായി 20 ലക്ഷം രൂപ ലഭിച്ചു. എന്നാൽ, കച്ചവടം നടന്നില്ല. പക്ഷേ, തുക അക്കൗണ്ടിലുണ്ട്. ഇപ്പോൾ മറ്റൊരാൾ സ്ഥലം വാങ്ങാൻ തയാറായി എത്തിയിട്ടുണ്ട്. 16 ലക്ഷം രൂപകച്ചവടത്തിൽ ലഭിക്കും. പെൻഷനറാണ്.  ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്. അക്കൗണ്ടിൽ വന്ന 20 ലക്ഷത്തെ എങ്ങനെയാണു കാണിക്കേണ്ടത്? 2 തുകയും സ്ഥലം വിറ്റപ്പോൾ ലഭിച്ചതായി കാണിക്കണോ? ഒരു വർഷത്തിനുള്ളിൽ 36 ലക്ഷം രൂപയ്ക്കു ഫ്ലാറ്റ് വാങ്ങും. എന്റെ നികുതി ബാധ്യത എങ്ങനെയാണ്?

 സുബ്രഹ്മണ്യൻ പോറ്റി

 

അഡ്വാൻസ് ആയി താങ്കൾക്കു ലഭിച്ച 20 ലക്ഷം രൂപ വകുപ്പ് 56 (2) (ix) പ്രകാരം താങ്കളുടെ വരുമാനമായി കണക്കാക്കി ‘ഇൻകം ഫ്രം അദർ സോഴ്സസ്’ എന്ന വരുമാന ഗണത്തിനടിയിൽ ഉൾപ്പെടുത്തി, വ്യക്തികളായ നികുതിദായകർക്ക് ബാധകമായ സ്ലാബ് റേറ്റ് പ്രകാരം താങ്കളുടെ നികുതി ബാധ്യത കണക്കാക്കണം.

വസ്തു വിൽപനയിൽ നിന്നു ലഭിക്കുന്ന 16 ലക്ഷം രൂപയ്ക്ക് മൂലധന നേട്ടനികുതി (വിൽപന നടക്കുന്ന വർഷം) ബാധ്യതയുണ്ട്. 24 മാസത്തിൽ കൂടുതൽ സമയം കൈവശം വച്ച വസ്തുവാണെങ്കിൽ ദീർഘകാല മൂലധന നേട്ടം. ദീർഘകാല മൂലധന നേട്ടമാണെങ്കിൽ വിൽപന തീയതിയിൽ നിന്ന് 2 വർഷത്തിനുള്ളിൽ താങ്കൾ പുതിയ വീടു വാങ്ങിയാൽ, എത്ര തുക വീടിനായി വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പൂർണമായോ ഭാഗികമായോ ഒഴിവ് അവകാശപ്പെടാം. പുതിയ വീട് നിർമിക്കുകയാണെങ്കിൽ വിൽപന തീയതിയിൽ നിന്ന് 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയാൽ മതി. 36 ലക്ഷം രൂപയ്ക്കാണ് പുതിയ വീട് വാങ്ങുന്നതെങ്കിൽ മുഴുവൻ നികുതി ബാധ്യതയിൽ നിന്നും ഒഴിവ് അവകാശപ്പെടാവുന്നതാണ്.ഹ്രസ്വകാല മൂലധന നേട്ടമാണെങ്കിൽ പുതിയ വീടു വാങ്ങിയാലും  ഒഴിവ് അവകാശപ്പെടാവുന്നതല്ല.

 പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി

English Summary: Tax liability on sale of property

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com