ബാങ്കിങ് മേഖല: കുതിച്ചുയർന്ന് പണലഭ്യത

HIGHLIGHTS
  • ആർബിഐയുടെ പണനയം ബാങ്കുകളിലെ പണലഭ്യത കൂടി പരിഗണിച്ച്
  • നിരക്കുകളിൽ മാറ്റമുണ്ടായേക്കില്ല
bank (2)
SHARE

കൊച്ചി ∙ ബാങ്കിങ് വ്യവസായത്തിലെ പണലഭ്യതയിൽ വൻ വർധന. മൂന്നു ദിവസത്തെ പണനയസമിതി (എംപിസി) യോഗത്തിനു ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്‌പ നിരക്കു സംബന്ധിച്ചു നാളെ പ്ര്യഖ്യാപിക്കുന്ന തീരുമാനം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ അധിക പണലഭ്യത കൂടി പരിഗണിച്ചായിരിക്കും. ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒന്നര വർഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ നിരക്കുകളിൽ മാറ്റത്തിന് ആർബിഐ തയാറാകില്ലെന്നാണു പൊതുവായ അനുമാനം.

ആർബിഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയുടെ പലിശ കണക്കാക്കുന്ന റീപോ നിരക്കിൽ തൽസ്‌ഥിതി തുടരാനായിരുന്നു ഏപ്രിലിൽ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ എംപിസി യോഗത്തിന്റെ തീരുമാനം. 2022 മേയ് മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കാലയളവിൽ നിരക്കു 2.5% വർധിപ്പിച്ച പശ്‌ചാത്തലത്തിൽ ഈ തീരുമാനം വ്യവസായ, വാണിജ്യ മേലലകൾക്കു മാത്രമല്ല വിവിധ ഇനം വായ്‌പകളെ ആശ്രയിക്കുന്ന സാധാരണക്കാർക്കും ആശ്വാസകരമായിരുന്നു.

വായ്‌പ നിരക്കുകളിലെ വർധനയ്‌ക്ക് ആനുപാതികമായല്ലെങ്കിലും നിക്ഷേപങ്ങൾക്കും ഈ കാലയളവിൽ പലിശ വർധനയുണ്ടായി. പലിശ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന അനേകം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവരുന്നു. എന്നാൽ വായ്‌പ നിരക്കുകളുടെ പടികയറ്റം അവസാനിക്കുന്നതോടെ നിക്ഷേപ പലിശയിലും ഇടിവുണ്ടാകും.

 ബാങ്കിങ് വ്യവസായത്തിലെ പണലഭ്യത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾത്തന്നെ ചില ബാങ്കുകൾ നിക്ഷേപ പലിശ വെട്ടിക്കുറച്ചുതുടങ്ങിയിട്ടുണ്ട്. ഹ്രസ്വകാല സ്‌ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലാണു കുറവു വരുത്തിത്തുടങ്ങിയിട്ടുള്ളത്.നിക്ഷേപ വർധനയ്‌ക്കു പുറമെ ബാങ്കുകളിലേക്കു 2000 രൂപ നോട്ടുകൾ പ്രവഹിക്കുന്നതും ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നു ബാങ്കർമാർ പറയുന്നു. ബാങ്കുകളിലേക്കു തിരിച്ചെത്തിയിട്ടുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 80,000 കോടി കവിഞ്ഞതായാണു കണക്കാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.