ചിക്കൻ വില പറക്കുന്നു

HIGHLIGHTS
  • തൊട്ടുകൂട്ടാൻ പോലുമില്ല കേരള ചിക്കൻ
local-chicken
SHARE

പാലക്കാട് ∙ കോഴിയിറച്ചിയുടെ വില നിയന്ത്രണമില്ലാതെ വർധിക്കുമ്പോഴും ‘ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ എന്നു മോഹിപ്പിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യം തൊടുന്നില്ല. കഴിഞ്ഞ മാസം കിലോഗ്രാമിന്120 രൂപയായിരുന്ന കോഴിക്ക് ഇന്നലെ 140 –165 രൂപ യാണു വില. കേരള ചിക്കന് ഇന്നലെ 146 രൂപ.

പ്രതിദിനം 12 ലക്ഷത്തോളം കിലോഗ്രാം ചിക്കൻ വിൽക്കുന്ന സംസ്ഥാനത്ത്, കേരള ചിക്കൻ നോഡൽ ഏജൻ‍സിയായ കുടുംബശ്രീ വഴി 3500 കിലോഗ്രാമും കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) വഴി 2,000 കിലോഗ്രാമും വിൽക്കുന്നുണ്ട്. കോഴിക്കുഞ്ഞു മുതൽ തീറ്റ വരെ എല്ലാറ്റിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴാണ് വിലനിയന്ത്രണം പാളുന്നത്.

കുടുംബശ്രീ യൂണിറ്റുകൾക്കു കുഞ്ഞുങ്ങളെയും മികച്ച വളർത്തുകൂലിയും നൽകി തിരിച്ചെടുത്തു പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കുകയാണു കേരള ചിക്കൻ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ, കെപ്കോ, ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. ഇതിൽ ബ്രഹ്മഗിരി വിപണന രംഗത്തുനിന്നു മാറി.

സ്വന്തം ബ്രീഡർ ഫാ‌മും ഹാച്ചറിയും ബ്രോയ്‌ലർ ഫാമും സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും അതൊന്നും നടന്നില്ല. തമിഴ്നാട്ടിൽ നിന്നു കുഞ്ഞുങ്ങളും തീറ്റയും വാക്സീനും വരുത്തി കർഷകർക്കു നൽകിയാണു പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ നിയന്ത്രണം പരോക്ഷമായി സ്വകാര്യ മേഖലയുടെ കൈകളിലാണ്. കുടുംബശ്രീ യൂണിറ്റുകൾക്കു മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വിപണി പ്രശ്നമായി.‌ 

വില നിർണയിക്കുന്നത് തമിഴ്നാട് ഫാമുകൾ

തിരുവനന്തപുരം ∙ ബ്രോയ്‌ലർ കോ–ഓർഡിനേഷൻ കമ്മിറ്റിയാണ് തമിഴ്നാട്ടിൽ കോഴി വളർത്തൽ മുതൽ ചിക്കൻ വില നിർണയം വരെ നിയന്ത്രിക്കുന്നത്. കേരളത്തിലെ ഫാമുകളിൽ വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരണം. ഓരോ സീസണിലും എത്ര കോഴിക്കുഞ്ഞുങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന കണക്ക് കോ–ഓർഡിനേഷൻ കമ്മിറ്റി ശേഖരിക്കും. ഇവിടെ ശരാശരി ഉൽപാദനം ഉണ്ടെങ്കിൽ വില വർധിപ്പിക്കില്ല.

കൂടുതലായി ഉൽപാദിപ്പിക്കുന്നെങ്കിൽ കമ്മിറ്റി ഇടപെട്ട് തമിഴ്നാട്ടിൽ വില കുറയ്ക്കും. അവിടെ നിന്നു വില കുറച്ചു കോഴി എത്തുമ്പോൾ ഉയർന്ന ചെലവിൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ കർഷകരും വില കുറയ്ക്കാൻ നിർബന്ധിതരാകും. രണ്ടു സീസണിൽ ഇങ്ങനെ വില കുറച്ചാൽ കേരളത്തിലുള്ളവർ ഫാം അവസാനിപ്പിക്കും. അപ്പോൾ തമിഴ്നാട്ടിലുള്ളവർ ചിക്കന്റെ വില വർധിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA