ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

HIGHLIGHTS
  • നഷ്ടം നികത്തി തീർന്നിട്ടില്ലെന്ന് കമ്പനികൾ
petrol-price
SHARE

ന്യൂഡൽഹി∙ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്തണമെന്ന് കേന്ദ്രസർക്കാർ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടതായി വിവരം. കഴിഞ്ഞ വർഷം മേയ് മുതൽ രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിലയിൽ ഈ കാലയളവിൽ ബെന്റ് ക്രൂഡിന് 35 ഡോളറിലേറെ വിലക്കുറവുണ്ടായത് കാരണം കമ്പനികൾക്ക് വലിയ ലാഭം കിട്ടിയിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

എന്നാൽ കോവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇനിയും നികത്തിയിട്ടില്ലെന്ന നിലപാടാണ് എണ്ണക്കമ്പനികൾക്ക്. അതിനിടയ്ക്ക് ഉത്തർപ്രദേശടക്കം വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടന്നപ്പോൾ രാജ്യാന്തര വിപണിയിൽ വില കൂടി നിന്നിട്ടും കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. 2022–23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിൽ വില കുറയ്ക്കാൻ ആവശ്യപ്പെടുന്നത് ന്യായമാണെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

ഇന്ത്യൻ ഓയിൽ കോർപറേഷന് അറ്റാദായത്തിൽ 52% വർധനയുണ്ടായി. ഭാരത് പെട്രോളിയത്തിന് 168% വർധനയും എച്ച്പിക്ക് 79% വർധനയുമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യുക്രെയ്ൻ യുദ്ധമടക്കമുള്ള സാഹചര്യങ്ങളിൽ മൂന്നു കമ്പനികൾക്കുമായി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് അവകാശവാദം. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് എൽപിജി സബ്സിഡി മൂലമുണ്ടായ നഷ്ടം നികത്താൻ  ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.