ADVERTISEMENT

ആരോഗ്യ പരിരക്ഷാ ചെലവുകളും ആദായനികുതി ഇളവുകളും ഒഴിവാക്കിക്കൊണ്ട് ഉയർന്ന വരുമാന പരിധിയും കുറഞ്ഞ നികുതി നിരക്കുകളുമുള്ള പുതിയ നികുതിരീതി എല്ലാവർക്കും ഒരേപോലെ ആകർഷകമാകണമെന്നില്ല. മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ അനുവദനീയമായ ഇളവുകളും പരിശോധനാ ചെലവുകളും ചികിത്സാച്ചെലവുകളും കൂടി കണക്കാക്കിയാൽ 60 വയസ്സു കഴിഞ്ഞ നികുതിദായകരും പ്രായം കൂടിയ മാതാപിതാക്കളുള്ള ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങളും പഴയ നികുതി സമ്പ്രദായം തുടരുന്നതു ഗുണകരമാകും. ഇൻഷുറൻസ് ഉൾപ്പെടെ ആരോഗ്യ സംരക്ഷണ ചെലവുകൾക്ക് ലഭ്യമായ നികുതിയിളവുകൾ ആർക്കൊക്കെ ഗുണകരമാകുമെന്നും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.

 

മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം

 

നിലവിലുള്ള നികുതി രീതി തുടർന്നും തിരഞ്ഞെടുത്താൽ മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് പോളിസിയുടമയുടെയും അംഗങ്ങളാകുന്ന മാതാപിതാക്കളുടെയും പ്രായം പരിഗണിച്ചാണ് നികുതിയിളവിന്റെ അർഹത. ജീവിതപങ്കാളിക്കും കുട്ടികൾക്കും ഉൾപ്പെടെ കുടുംബ മെഡിക്കൽ പോളിസികളിൽ പ്രിമീയമായി അടയ്ക്കുന്ന 25,000 രൂപയാണ് അടിസ്ഥാനമായി ഒഴിവാക്കുക. പോളിസിയിൽ അച്ഛനമ്മമാരെ കൂടി ചേർത്താൽ ഇളവ് 50,000 രൂപ വരെയാക്കാം. പോളിസിയുടമ 60 തികഞ്ഞവരാണെങ്കിലും ഇളവ് 50,000 രൂപയാണ്. 60 കഴിഞ്ഞ മാതാപിതാക്കളെയാണ് പോളിസിയിൽ ഉൾപ്പെടുത്തുന്നതെങ്കിൽ മൊത്തം ഇളവ് ഒരു ലക്ഷം രൂപയാകും. 5,000 രൂപയുടെ വരെ ആരോഗ്യ പരിശോധനയ്ക്കും ഇളവുണ്ട്.

 

പരിരക്ഷയാകണം മുഖ്യലക്ഷ്യം

 

നികുതിയിളവു മാത്രം പരിഗണിച്ച് മെഡിക്കൽ പോളിസികൾ തിരഞ്ഞെടുക്കാതെ അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് അനുസൃതമായി ലഭിക്കാവുന്ന ആനുകൂല്യങ്ങളുടെയും പരിരക്ഷകളുടെയും ഗുണഗണങ്ങൾ കൂടി പരിഗണിച്ചാകണം മെഡിക്കൽ പോളിസികൾ വാങ്ങേണ്ടത്. നിബന്ധനകളിൽ ഒളിഞ്ഞിരിക്കുന്ന പ്രതികൂല വകുപ്പുകൾ മനസ്സിലാക്കി വ്യത്യസ്ത കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കണം.

 

പ്രിമീയം ഇളവുകൾക്ക് നിബന്ധനകൾ

 

∙ബാങ്ക് അക്കൌണ്ടുകളിൽ നിന്നു നേരിട്ട് പ്രീമിയം അടയ്ക്കുമ്പോഴാണ് ഇളവ്.

∙അടിസ്ഥാന പോളിസിയിൽ ഉൾപ്പെടുന്ന ആശ്രിതരായ കുട്ടികൾക്കു മറ്റു വരുമാനം പാടില്ല.

∙60 കഴിഞ്ഞവരാണെങ്കിൽ പോലും പോളിസിയുടമയുടെ മാതാപിതാക്കളുടെ അച്ഛനമ്മമാർക്ക് പ്രീമിയം ഇളവിന് അർഹതയില്ല.

∙സർവീസ് ടാക്സ്, സെസ് തുടങ്ങിയവ ഒഴിവാക്കി പ്രീമിയം തുകയ്ക്ക് മാത്രമായിരിക്കും ഇളവ്.

∙ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസിൽ തൊഴിൽദാതാവ് അടയ്ക്കുന്ന പ്രീമിയത്തിന് ഇളവില്ല.

 

മെഡിക്കൽ ചെലവുകൾക്കും ഇളവ്

 

∙40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള നികുതിദായകർക്ക് വകുപ്പ് 80U പ്രകാരം 75,000 രൂപ വരെ പൊതുവേയും ഭിന്നശേഷി 80 ശതമാനത്തിൽ കൂടുതലുള്ളവർക്ക് പരമാവധി 1,25,000 രൂപ വരെയും ഇളവ്.

∙ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആശ്രിതരുടെ സംരക്ഷണത്തിന് വകുപ്പ് 80DD പ്രകാരം 75,000 രൂപ വരെ പൊതുവേയും 80 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്ക് 1,25,000 രൂപ വരെയും ഇളവുണ്ട്.

∙കാൻസർ, പാർക്കിൻസൺസ് തുടങ്ങി പ്രത്യേക അസുഖങ്ങൾക്ക് ചികിത്സ തേടുന്ന നികുതിദായകർക്കും അവരുടെ ആശ്രിതർക്കും ചികിത്സയ്ക്ക് 80DDB പ്രകാരം 40,000 രൂപ വരെ നികുതിയിളവ്. 60 കഴിഞ്ഞവർക്ക് ഇത് ഒരു ലക്ഷം രൂപ വരെയാണ്.

∙വകുപ്പ് 80U, 80DD എന്നിവ പ്രകാരമുള്ള ഇളവുകൾക്ക് തുക ചെലവാക്കിയിരിക്കണമെന്ന നിബന്ധനയില്ലാതെ വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തൽ മാത്രം മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com