ADVERTISEMENT

തൃശൂർ∙പുതിയ ശാഖകൾ തുടങ്ങുന്നതിലടക്കം അർബൻ കോഓപ്പറേറ്റിവ് ബാങ്കുകൾക്കു കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഇളവുകൾ കേരളത്തിനു കാര്യമായ ഗുണം ചെയ്യില്ല. സാമ്പത്തികമായി ശക്തമായ അർബൻ ബാങ്കുകൾക്കു മാത്രമുള്ള ആനുകൂല്യങ്ങളാണിത്. ഈ വിഭാഗത്തിൽ എത്തിപ്പെടുക ഏറെ പ്രയാസകരമാണ്. ബ്രാഞ്ചുകൾ തുടങ്ങാൻ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണ്ടെന്ന പ്രഖ്യാപനം ആദ്യം അർബൻ ബാങ്കുകളെ സന്തോഷിപ്പിച്ചിരുന്നു. 5 ബ്രാഞ്ചുകൾ വരെ തുടങ്ങാനാണ് ഈ ആനുകൂല്യം. എന്നാൽ നിബന്ധനകൾ വ്യക്തമാകുന്നതോടെ സന്തോഷം മങ്ങുകയാണ്. 

നിഷ്ക്രിയ ആസ്തി നിബന്ധനയാണ് ഇതിലെ പ്രധാന തടസ്സം. ആർബിഐയുടെ സൂപ്പർവൈസറി ആക്‌ഷൻ ഫ്രെയിംവർക് (എസ്എഎഫ്) വായ്പയും നിക്ഷേപവും തമ്മിലുള്ള അനുപാതവും നിഷ്ക്രിയ ആസ്തിയുമെല്ലാം നിരീക്ഷിക്കും. കേരളത്തിലെ 59 അർബൻ ബാങ്കുകളിൽ 52 ബാങ്കുകളും നിലവിൽ ആർബിഐയുടെ നെഗറ്റീവ് പട്ടികയിലാണ്. നിഷ്ക്രിയ ആസ്തിയുടെ കാര്യത്തിൽ ദേശീയ തലത്തിലുള്ള മാനദണ്ഡമാണ് ഇവിടെയും പാലിക്കുന്നത്. എന്നാൽ 2018,19 വർഷങ്ങളിലെ പ്രളയവും കോവിഡും നാണ്യ വിളകളുടെ വിലത്തകർച്ചയും കേരളത്തിലെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയർത്തി. 

നിഷ്ക്രിയ ആസ്തിനിർണയത്തിൽ ഇളവു നൽകാത്തിടത്തോളം കാലം അർബൻ ബാങ്കുകൾക്ക് നിരീക്ഷണ നെഗറ്റീവ് പട്ടികയിൽനിന്നു പുറത്തു വരിക എളുപ്പമല്ല. ബ്രാഞ്ചുകൾ മുൻകൂർ അനുമതിയല്ലാതെ തുറക്കുന്നതിനു നാലിൽ മൂന്നു വർഷവും ബാങ്ക് ലാഭത്തിലാകുകയും വേണം. ഒറ്റത്തവണ തീർപ്പാക്കലാണു പ്രഖ്യാപനത്തിലെ മറ്റൊരു ഇളവ്. ഈ ആനുകൂല്യം നേരത്തേതന്നെയുണ്ട്. 

ഓരോ അർബൻ ബാങ്കിനും സ്വന്തമായി ഒറ്റത്തവണ തീർപ്പാക്കൽ നയം രൂപീകരിക്കാം. ഈ നയ രൂപീകരണത്തിലും വില്ലൻ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയും ലാഭവുമാണ്. ഇതുവരെ ബാങ്കിന്റെ മാത്രം ഓഡിറ്റർമാരാണു ഓഡിറ്റ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ആർബിഐ നിശ്ചയിക്കുന്ന ഓഡിറ്റർമാരാണ്. അതതു സമയത്തെ പ്രായോഗിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അയവു കിട്ടില്ല.

മുൻഗണനാ വായ്പാമേഖലയിലെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയ പരിധി 2026 മാർച്ച് 31വരെ നീട്ടിയെന്നതാണു പുതിയ ആനുകൂല്യങ്ങളിൽ ഗുണകരം. ഈ വായ്പാപരിധി എത്താത്തതുകൊണ്ട് ഓഡിറ്റിലുണ്ടാകുന്ന എതിർപ്പുകൾ ഇല്ലാതാക്കാൻ സമയ പരിധി നീട്ടിയതുകൊണ്ടു കഴിയും. ആർബിഐയുടെ കർശന നിയന്ത്രണത്തിലേക്ക് അർബൻ ബാങ്കുകളെ കൊണ്ടുവരുന്നതിനായി എടുക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇത്തരം നിബന്ധനകൾ കർശനമാകുന്നതും തുടർന്ന് ഇളവുകൾ പ്രഖ്യാപിക്കുന്നതുമെന്ന് ബാങ്കിങ് വിദഗ്ധർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com