ADVERTISEMENT

തിരുവനന്തപുരം∙ സ്വന്തമായി വീടു വയ്ക്കാനൊരുങ്ങുന്ന ഓരോ മലയാളിയുടെയും ആശങ്കകൾക്കു സംസ്ഥാന ഭവന നിർമാണ വകുപ്പ് പരിഹാരമുണ്ടാക്കുന്നു. 40 കോടി രൂപ ചെലവിൽ ദേശീയ ഹൗസിങ് പാർക്ക് പദ്ധതി നടപ്പാക്കും. വീടിന്റെ ചെലവ്, സാങ്കേതികവിദ്യ, നിർമാണ രീതി എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള നാൽപതോളം വീടു മാതൃകകൾ ഇവിടെയുണ്ടാകും. ഓരോ വീട്ടിലും കയറി കണ്ടും പരിശോധിച്ചും മനസിലാക്കാം. പറഞ്ഞുതരാൻ ആളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലേതടക്കം ഏറ്റവും മികച്ച മാതൃകകളാണു നിർമിക്കുക. 

പാർക്കിന്റെ കരട് രൂപകൽപന തയാറാക്കി. കൽപണിക്കാർ മുതൽ എൻജിനീയർമാർ വരെയുള്ളവർക്കു നൈപുണ്യ പരിശീലനകേന്ദ്രം, ഗവേഷണ കേന്ദ്രം, ഹൗസിങ് കോഴ്സുകൾ, നിർമാണ സാമഗ്രികളുടെ പരിശോധനയ്ക്കുള്ള ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും പാർക്കിലുണ്ടാകും. തിരുവനന്തപുരം വാഴമുട്ടത്ത് ഇതിനായി 6.9 ഏക്കർ ഹൗസിങ് വകുപ്പിന് അനുവദിച്ചു. നിർമിതി കേന്ദ്രത്തിനാണു നിർമാണച്ചുമതല. വീടു നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളുടെയെല്ലാം കേന്ദ്രമായി പാർക്കിനെ മാറ്റും. സുസ്ഥിര നിർമാണ രീതിക്കു പ്രാധാന്യം നൽകും. 

ഭാവിയിൽ കേന്ദ്രപങ്കാളിത്തം കൂടി ലഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഡെമോൺസ്ട്രേറ്റിവ് ഹൗസിങ് പദ്ധതിയുമായി ബന്ധപ്പെടുത്താനാണ് ആലോചന. രണ്ടു വർഷം മുൻപു മന്ത്രി കെ.രാജൻ ആസൂത്രണ ബോർഡിനു മുൻപിൽ അവതരിപ്പിച്ച ആശയമാണു വിശദമായ ചർച്ചകൾക്കു ശേഷം നടപ്പാക്കുന്നത്. കേരളത്തിന് ഉപയോഗിക്കാവുന്ന വീടുകളുടെ സ്ഥിരം പ്രദർശന നഗരിയെന്ന നിലയ്ക്കാണു ദേശീയ പാർക്ക് രൂപകൽപന ചെയ്യുന്നതെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. 

വീട് ഒരു ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ എന്ന സങ്കൽപം മാറ്റും. വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു സഹായകേന്ദ്രം കൂടിയായി പാർക്ക് മാറുമെന്നു മന്ത്രി പറഞ്ഞു. എറണാകുളം കാക്കനാട് എല്ലാ നിർമാണ സാമഗ്രികളും സാങ്കേതിക വിദ്യകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സെൻട്രൽ ഹൗസിങ് ഹബ്ബിന്റെ പ്രാരംഭ പ്രവർത്തനവും തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com