ADVERTISEMENT

കൊച്ചി ∙ വാഷിങ്ടൻ ആപ്പിൾ ഇറക്കുമതിയിൽ വർധനയ്ക്കു സാധ്യത. ഇറക്കുമതി തീരുവ 70 % നിന്ന് 50 % ആയി കുറച്ചതോടെ കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഷിങ്ടൻ ആപ്പിൾ ലഭ്യത വർധിച്ചേക്കാം. നിലവിൽ, അമേരിക്കൻ ആപ്പിൾ കേരളത്തിലേക്കു നേരിട്ട് ഇറക്കുമതി ചെയ്യുന്നതു വിരളമാണ്. മുംബൈ പോലുള്ള മാർക്കറ്റുകളിൽ നിന്നു ചെറിയ തോതിൽ എത്താറുണ്ടെന്നു മാത്രം.

വാഷിങ്ടൻ ആപ്പിൾ പഴം വിപണിയിലെ പ്രീമിയം രുചിയാണ്. തീരുവ കുറയുന്നതോടെ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നതാണ്  നേട്ടം.  ഭക്ഷ്യസുരക്ഷ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസം ഭയന്നാണു കേരളത്തിലേക്കു നേരിട്ടുള്ള ഇറക്കുമതിക്കു വാണിജ്യ സമൂഹം മടിക്കുന്നതെന്നാണു വിലയിരുത്തൽ. പരിശോധനയുടെ കാലതാമസത്തെക്കുറിച്ചു കയറ്റുമതി – ഇറക്കുമതി വ്യവസായികൾ പലവട്ടം പരാതിപ്പെട്ടിരുന്നു.

അമേരിക്കൻ ആപ്പിളിനേക്കാൾ കുറഞ്ഞ വിലയിൽ തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കേരളത്തിൽ ആപ്പിൾ ലഭ്യമാകുന്നതാണു മറ്റൊരു കാരണം. ഇറാൻ ആപ്പിൾ 10 കിലോഗ്രാം പെട്ടിക്ക് 700 – 1100 രൂപയാണു വില. തുർക്കി ആപ്പിൾ 18.5 കിലോഗ്രാം ബോക്സിനു 2200 – 2500 രൂപയും. അമേരിക്കൻ ആപ്പിൾ 18.5 കിലോഗ്രാം ബോക്സിനു 2500 – 3500 രൂപയാണു വില.

ഗുണനിലവാരവും ആവശ്യവും അനുസരിച്ചു വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പഴങ്ങൾ ഇപ്പോൾ തന്നെ നേരിട്ടു കേരളത്തിലെത്തുന്നുണ്ട്. അതേസമയം, വാഷിങ്ടൻ ആപ്പിളിനു തീരുവ കുറച്ചതോടെ വിപണിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന ആശങ്ക ഹിമാചൽ പ്രദേശ്, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആപ്പിൾ കർഷകർ ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ, ആപ്പിൾ കർഷകർക്കു തീരുമാനം ദോഷകരമാകില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com