ADVERTISEMENT

ഈ വർഷത്തെ കേന്ദ്രബജറ്റിൽ, ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് - എൽആർഎസ്) കീഴിലുള്ള പണമയയ്ക്കലിനും വിദേശ ടൂർ പാക്കേജുകളിലുമുള്ള ടിസിഎസ് (ഉറവിടത്തിൽ നിന്ന് നികുതി പിരിവ്) സംവിധാനത്തിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ മാറ്റങ്ങൾ ജൂലൈ 1 മുതൽ എന്നായിരുന്നു തീരുമാനം.

എന്നാൽ, കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ 28ന് ഈ മാറ്റങ്ങളെല്ലാം ഒക്ടോബർ ഒന്നിലേക്കു നീട്ടിവച്ചു. പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും വിദഗ്ധാഭിപ്രായം മാനിച്ചുമാണിത്. അതിനാൽ, വരുന്ന സെപ്റ്റംബർ 30 വരെ നിലവിലെ ടിസിഎസ് നിരക്കുകൾ തുടരും.

tcs-rates

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം

വിദേശനാണയ വിനിമയ ചട്ടം(ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് -ഫെമ) പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിക്ക്, എൽആർഎസ് സ്കീമിന് കീഴിൽ, ഇന്ത്യയ്ക്ക് പുറത്ത് വിദേശനാണ്യ അക്കൗണ്ട് തുടങ്ങുക, വിദേശത്തു സ്വത്ത് വാങ്ങുകയോ നിക്ഷേപം നടത്തുകയോ ചെയ്യുക, സ്വകാര്യ സന്ദർശനം, വിദേശത്തുള്ളവർക്കു സമ്മാനം അല്ലെങ്കിൽ സംഭാവന, ബിസിനസ് യാത്ര, ചികിത്സ, പഠനം, വിദേശത്തു ജോലിക്കു പോകൽ തുടങ്ങിയ അനുവദനീയ ഇടപാടുകൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു സാമ്പത്തിക വർഷം രണ്ടര ലക്ഷം(2,50,000) യുഎസ് ഡോളർ വരെ ഇന്ത്യയ്ക്ക് പുറത്തേക്കു പണമായി അയയ്ക്കാൻ അനുവദിക്കുന്നതാണ് ഈ പദ്ധതി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വ്യക്തികൾക്കു മാത്രമേ ഈ പദ്ധതി ലഭ്യമാകൂ..

ക്രെഡിറ്റ് കാർഡ് : ടിസിഎസ്‌ തൽക്കാലം ഇല്ല

ധനമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിനും ചെലവുകൾക്കുമുള്ള ടിസിഎസ്‌ അനിശ്ചിത കാലത്തേക്കു നീട്ടിവച്ചു. ബാങ്കുകൾക്ക് അവരുടെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താനുള്ള സമയം നൽകുന്നതിനു വേണ്ടിയാണിത്. ബജറ്റിലെ ഭേദഗതി അനുസരിച്ച്, വ്യക്തിയുടെ രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു സാമ്പത്തിക വർഷം 7 ലക്ഷം രൂപയ്ക്കു മുകളിലുള്ള ചെലവുകൾ എൽആർഎസ് പരിധിയിൽ കൊണ്ടുവന്നിരുന്നു. ഇതാണ്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വേണ്ടന്നുവച്ചത്.

7 ലക്ഷം രൂപ വരെ ടിസിഎസ് ഇല്ല

വിദേശ ടൂർ പാക്കേജിനൊഴികെ എൽആർഎസ് സ്കീമിനു കീഴിൽ, ഇന്ത്യയ്ക്കു പുറത്തു പണം അയയ്ക്കുമ്പോൾ ഉദ്ദേശലക്ഷ്യങ്ങൾ കണക്കാക്കാതെ 7 ലക്ഷം രൂപ വരെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ രാജ്യ സന്ദർശനം ഏർപ്പാടാക്കുന്ന എല്ലാ പദ്ധതിയും ടൂർ പാക്കേജായി കണക്കാക്കും. യാത്ര, ഹോട്ടൽ താമസം, ബന്ധപ്പെട്ട ചെലവുകൾ എല്ലാം ഇതിൽ ഉൾപ്പെടും.

പാൻ ഇല്ലെങ്കിലുള്ള ടിസിഎസ് നിരക്കുകൾ

വ്യക്തിക്ക് പാൻ ഇല്ലെങ്കിൽ, സാധാരണ നിരക്കിന്റെ ഇരട്ടി നിരക്കിൽ ടിസിഎസ് ശേഖരിക്കും. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പയെടുത്തു വിദേശത്തേക്കു പണമയയ്ക്കുമ്പോൾ മാത്രം ടിസിഎസ് 5%.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com