ADVERTISEMENT

കൊച്ചി ∙ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി കേരളത്തിൽനിന്നു വീണ്ടും ഒരു സംരംഭം: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് അടുത്തുതന്നെ മൂലധന വിപണിയിലെത്തും. ഐപിഒ അനുമതിക്കായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യ്‌ക്കു പ്രോസ്‌പെക്‌ടസ് സമർപ്പിച്ചു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽനിന്ന് ഐപിഒ വിപണിയെ സമീപിക്കുന്ന രണ്ടാമത്തെ സംരംഭമാണിത്. 1995ൽ വിപണിയിലെത്തിയ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസാണ് ആദ്യത്തേത്. സെബിയിൽനിന്നു 2018 ഒക്‌ടോബറിൽ മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ അനുമതി നേടിയിരുന്നെങ്കിലും വിപണിയിലെത്തിയില്ല. 500 കോടി രൂപയുടെ പുതിയ ഇഷ്യുവും ഓഫർ ഫോർ സെയിലും (ഒഎഫ്‌എസ്) ഉൾപ്പെട്ട ഐപിഒയ്‌ക്കായിരുന്നു അനുമതി. 

ഇപ്പോൾ അനുമതി തേടിയിരിക്കുന്ന ഐപിഒ 1350 കോടി രൂപ സമാഹരണ ലക്ഷ്യമിട്ടുള്ളതാണ്. 950 കോടി രൂപയുടെ പുതിയ ഇഷ്യുവും 400 കോടിയുടെ ഒഎഫ്‌എസുമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ പൊതു വിപണിയിലെത്തുന്നതിനു മുമ്പുള്ള  വിൽപനയിലൂടെ 190 കോടി സമാഹരിക്കാൻ ഉദ്ദേശ്യമുണ്ടെന്നു പ്രോസ്‌പെക്‌ടസിൽ പറയുന്നു. അതു സാധ്യമായാൽ ഐപിഒ വഴിയുള്ള സമാഹരണ ലക്ഷ്യത്തിൽ കുറവു വരുത്തും.

സംരംഭകരുടെയും ഗ്രേറ്റർ പസഫിക് ക്യാപ്പിറ്റൽ എന്ന വിദേശ ധനസ്‌ഥാപനത്തിന്റെയും പക്കലുള്ളതാണ് ഒഎഫ്‌എസ് വിഭാഗത്തിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന ഓഹരികൾ. സമാഹരിക്കുന്ന തുക മൂലധന അടിത്തറ വിപുലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു വിനിയോഗിക്കും. രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനികളിലൊന്നാണു മുത്തൂറ്റ് മൈക്രോഫിൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com