ADVERTISEMENT

ന്യൂഡൽഹി∙ വാട്സാപ്, ടെലിഗ്രാം, സൂം, സ്കൈപ് പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് (ഒടിടി ആശയവിനിമയ സേവനങ്ങൾ) ടെലികോം സേവനദാതാക്കൾക്ക് സമാനമായ നിയന്ത്രണം ഏർപ്പെടുത്തണോയെന്ന കാര്യത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനാഭിപ്രായം തേടി. 

ടെലികോം നെറ്റ്‍വർക് വഴിയുള്ള കോളുകളും മെസേജുകളും സർക്കാരിന് പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാൻ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിതമായ വാട്സാപ് കോളുകൾക്കും മെസേജുകൾക്കും ബാധകമാക്കണോയെന്ന ചോദ്യത്തിനാണ് ട്രായ് ഉത്തരം തേടുന്നത്. 

ഇന്റർനെറ്റ് കോളിങ് സൗകര്യം തങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ 'ഒരേ സേവനത്തിന് ഒരേ ചാർജ്' ഏർപ്പെടുത്തണമെന്നതാണ് ടെലികോം കമ്പനികളുടെ ദീർഘകാല ആവശ്യം. ലൈസൻസ് ഫീസ്, മറ്റ് ചട്ടങ്ങൾ എന്നിവ ഇത്തരം കമ്പനികൾക്കും ബാധകമാക്കണം. അല്ലെങ്കിൽ തങ്ങൾ കോടികൾ മുടക്കി സൃഷ്ടിച്ച ശൃംഖല ഉപയോഗിക്കുന്നതിന് പണം നൽകണമെന്നും കമ്പനികൾ പറഞ്ഞിരുന്നു.

ഇക്കാര്യം പ്രായോഗികമാണോയെന്ന് ട്രായ് പരിശോധിക്കുന്നുണ്ട്. ആളുകൾ ഇന്റർനെറ്റ് ആപ്പുകളെ ആശ്രയിക്കുന്നതിനാൽ എസ്എംഎസ്, കോൾ വരുമാനം വൻതോതിൽ കുറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് മൊത്തമായി ബഹിഷ്കരിക്കരിക്കുന്നതിനു പകരം നിശ്ചിത ഒടിടി സേവനം മാത്രമായി പ്രാദേശിക അടിസ്ഥാനത്തിൽ വിലക്കാൻ കഴിയുമോയെന്നും ട്രായ് ആരാഞ്ഞിട്ടുണ്ട്. 

നിയന്ത്രണം വന്നാൽ? 

ആശയവിനിമയം പൂർണമായും സ്വകാര്യമാക്കിവയ്ക്കുന്ന എൻക്രിപ്ഷൻ സംവിധാനം ഏർപ്പെടുന്നതിന് ടെലികോം കമ്പനികൾക്ക് നിയന്ത്രണമുണ്ട്. കോൾ/മെസേജ് റെക്കോർഡുകൾ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ നൽകണം. സേവനത്തിന്റെ ഗുണനിലവാരം, അനാവശ്യ കോളുകളുടെ തടയൽ, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം എന്നിവ ചട്ടപ്രകാരമായിരിക്കണം. ഉപയോക്താക്കളുടെ കെവൈസി നടപടിക്രമം പൂർത്തിയാക്കണം. 

നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇവയിൽ പലതും വാട്സാപ് പോലെയുള്ള ഒടിടി സേവനങ്ങൾക്കും ബാധകമാകും. ടെലികോം കമ്പനികൾക്ക് സമാനമായി ലൈസൻസ് ഫീ, ബാങ്ക് ഗ്യാരന്റി, അപേക്ഷാ ഫീ അടക്കം വലിയ തുക സർക്കാരിലേക്ക് നൽകേണ്ടി വരാം. ടെലികോം കമ്പനികളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നതിന് ഒടിടി കമ്പനികൾ പണം നൽകേണ്ടി വരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com