ADVERTISEMENT

കൊച്ചി∙ സസ്യ ഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്കു കടക്കുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത സംരംഭകരും വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളും എന്നതാണ് മോഡൽ. പൊതുവായ മാർഗനിർദേശങ്ങൾ മാത്രമാണ് എൻഎസ്എസ് നൽകുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി കെട്ടിടവും സൗകര്യങ്ങളും ഏർപ്പെടുത്തിയ ശേഷം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നടത്തേണ്ടത്. 

സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായതിനാൽ ജീവനക്കാരിൽ ഏതാനും പേരൊഴികെ ബാക്കിയെല്ലാം വനിതകളാണ്. ശരാശരി നൂറിലേറെ വനിതകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം. സൊസൈറ്റി അംഗങ്ങൾ തന്നെ കൃഷി ചെയ്ത് പച്ചക്കറി ഭൂരിഭാഗവും എത്തിക്കുന്നു. വിപണിയിലേക്കാളും വില ലഭിക്കുമെന്നതാണ് നേട്ടം. പലവ്യഞ്ജനങ്ങളും കേന്ദ്രീകൃത പർച്ചേസിനു പകരം അതത് സ്ഥലങ്ങളിൽ തന്നെ കണ്ടെത്തണം. മുതൽമുടക്കുന്ന താലൂക്ക് യൂണിയന് നിശ്ചിത തുക നൽകണം. ദിവസം ശരാശരി ഒരു ലക്ഷത്തിലേറെ രൂപയുടെ വിൽപന. ഭക്ഷണത്തിന് മിതമായ നിരക്ക് മാത്രം. പാർക്കിങ് സൗകര്യവും ആധുനിക ശുചിമുറികളുമുണ്ട്. 

സൗരോർജ വൈദ്യുതിയും മാലിന്യം പുറത്തുപോകാതെ സംസ്കരിച്ച് ബയോഗ്യാസ് ഉൽപാദനവുമുണ്ട്.  സ്ഥലം കൂടാതെ ഓരോ സംരംഭത്തിനും 2 കോടിയിലേറെ മുതൽമുടക്ക് വരും. അടൂർ, പത്തനംതിട്ട, കൊട്ടാരക്കര, ചേർത്തല, ആലുവ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കഫെ ശൃംഖലയിൽ അടുത്തത് ഇന്നു ചങ്ങനാശേരിയിൽ തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം പുന്നൻറോഡിലും ഉടൻ എത്തും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഈ മോഡൽ എത്തിക്കുകയാണു ലക്ഷ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com