ADVERTISEMENT

വരുമാനത്തിന്റെ ഒരു ഭാഗം മിച്ചം പിടിച്ച്, വരുമാനം നിലയ്ക്കുന്ന നാളുകൾക്കായി ഒരു കോർപസ് തുക സമാഹരിക്കുന്ന നിക്ഷേപ ഘട്ടത്തിൽ നിശ്ചയമായും പാലിച്ചിരിക്കേണ്ട ചില സാമ്പത്തിക പ്രമാണങ്ങളുണ്ട്. റിട്ടയർമെന്റ് കാലത്തെ ചെലവുകൾ നിർവഹിക്കാൻ ആവശ്യമായത്ര പെൻഷൻ തുക ഉറപ്പാക്കാൻ ഈ നിബന്ധനകളും അടിസ്ഥാന തത്വങ്ങളും ഉപകരിക്കും.

1. നേരത്തെ തുടങ്ങണം

നിശ്ചിത ഇടവേളകളിൽ പലിശ കണക്കാക്കി മുതലിനോടു ചേർത്തു കൂട്ടുപലിശ രീതിയിലുള്ള മൂലധന വർധനയാണ് പെൻഷൻ കോർപസ് വളരുന്നതിന് അടിസ്ഥാനം. 25ാം വയസ്സിൽ മാസം തോറും 5,000 രൂപ വച്ച് 9% വളർച്ച നിരക്കു ലഭിക്കുന്ന രീതിയിൽ നിക്ഷേപം നടത്തിയാൽ 55ാം വയസ്സിൽ വിരമിക്കുമ്പോൾ 92 ലക്ഷം രൂപയായി കോർപസ് വളർന്നിരിക്കും. നിക്ഷേപം തുടങ്ങുന്നത്് 30ാം വയസ്സിലാണെങ്കിൽ കോർപസ് തുക 56 ലക്ഷമായി കുറയും. ആദ്യ 5 വർഷം മിച്ചം പിടിച്ച 3 ലക്ഷം രൂപയാണ് അവസാന റൌണ്ടിൽ 36 ലക്ഷം രൂപയുടെ വർധന നൽകിയത്.

2.നിക്ഷേപത്തിന്റെ വളർച്ച നിരക്ക്

പെൻഷൻ ലക്ഷ്യത്തോടെ നിക്ഷേപം നടത്തുമ്പോൾ ലഭിക്കുന്ന പലിശ നിരക്ക്, നിലവിലുള്ള പണപ്പെരുപ്പ നിരക്കിനെക്കാൾ ഉയർന്നിരിക്കണം. ഈ വർഷം ഇതുവരെയുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് 5.5 ശതമാനവും പോയ വർഷത്തിൽ 6.7 ശതമാനവും ആയിരുന്നു. ശരാശരി വാർഷിക പലിശനിരക്ക് 8 ശതമാനത്തിനു മുകളിൽ അല്ലെങ്കിൽ മൂല്യ ശോഷണമാകും ഫലം.

3. നിക്ഷേപത്തിൽ ചോർച്ച

വാഗ്ദാനം ചെയ്യുന്ന വാർഷിക വളർച്ച നിരക്ക് ആകർഷകമായി തോന്നുമെങ്കിലും പല നിക്ഷേപങ്ങളിലും വർഷം തോറും ഫണ്ട് മാനേജ്മെന്റ്, ഇടനിലക്കാരുടെ കമ്മിഷൻ തുടങ്ങി 2-3% വീതം കിഴിവ് ചെയ്തെടുക്കുന്നുണ്ടാകും. 3 മാസം കൂടുമ്പോൾ 10,000 രൂപ വീതം 10% വളർച്ച നിരക്കിൽ 30 കൊല്ലത്തേക്ക് നിക്ഷേപിച്ചാൽ മൂലധനം 68 ലക്ഷത്തോളമെത്തും. വർഷം തോറും ഒരു ശതമാനം ചോർച്ചയുണ്ടായാൽ ലഭിക്കുന്ന തുകയിൽ 12 ലക്ഷം രൂപയുടെ കുറവുണ്ടാകും. ചോർച്ച ഒന്നര ശതമാനമാണെങ്കിൽ വീണ്ടും കുറഞ്ഞ് 50 ലക്ഷമാകും.  നിക്ഷേപത്തിൽ നിന്നുണ്ടാകുന്ന ചോർച്ച പരമാവധി കുറഞ്ഞിരിക്കുന്നതാണ് നാഷനൽ പെൻഷൻ പദ്ധതിയുടെ മെച്ചം.

4. മുടക്കം വരരുത്

ഓരോരുത്തരുടെയും വരുമാനം ലഭിക്കുന്ന രീതിക്കനുസരിച്ച് നിക്ഷേപ ഇടവേളകൾ മാസം തോറുമെന്നോ വർഷം തോറുമെന്നോ ഒക്കെ തീരുമാനിക്കാം. ഉദ്ദേശിച്ചത്ര തുക ഒരു ഇടവേളയിൽ മിച്ചം പിടിക്കാനായില്ലെങ്കിൽ കൂടി തീരുമാനിച്ച തീയതിക്ക് തന്നെ ഉള്ള തുക നിക്ഷേപം നടത്താൻ ശ്രദ്ധിക്കണം. 

5. വകമാറ്റി ചെലവഴിക്കരുത്

ആവശ്യങ്ങൾ നിരന്തരം വന്നുകൊണ്ടേയിരിക്കും. പെൻഷൻ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന നിക്ഷേപം മറ്റാവശ്യങ്ങൾക്കു പിൻവലിച്ച് ഉപയോഗിക്കാതിരിക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. നിക്ഷേപ ഘട്ടത്തിന്റെ ദൈർഘ്യം കുറഞ്ഞാൽ കയ്യിൽ കിട്ടുന്ന കോർപസ് തുക പ്രതീക്ഷിക്കാത്ത രീതിയിൽ ചുരുങ്ങിപ്പോകും, 

6. നികുതിയിൽ ഇളവ്

അടയ്ക്കുന്ന നിക്ഷേപത്തുക, ലഭിക്കുന്ന മൂലധന വർധന, വട്ടമെത്തുമ്പോൾ ലഭിക്കുന്ന കോർപസ് തുക എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലും നികുതിയിളവ് ലഭിക്കുന്ന അവസരങ്ങൾ തിരഞ്ഞെടുക്കണം. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനൽ പെൻഷൻ സ്കീം തുടങ്ങിയവയാണ് ഉദാഹരണങ്ങൾ.

7. അംഗീകൃത നിക്ഷേപങ്ങൾ മാത്രം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങളിലും അംഗീകാരങ്ങളുമുള്ള സ്ഥാപനങ്ങൾ മാത്രമേ പെൻഷൻ നിക്ഷേപങ്ങൾക്കായി തിരഞ്ഞെടുക്കാവൂ.

8. ചിട്ടി പര്യാപ്തമാവില്ല

വരുമാന വളർച്ചയെക്കാൾ ആവശ്യങ്ങൾക്ക് എടുത്തുപയോഗിക്കാൻ പണം ലഭിക്കുന്നു എന്നതാണു ചിട്ടിയുടെ പ്രത്യേകത. പെൻഷൻ കോർപസ് സ്വരൂപിക്കുന്നതിന് വേണ്ടത്ര വളർച്ച നിരക്കു ചിട്ടിയിലൂടെ സമ്പാദിക്കുമ്പോൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ചിട്ടി നടത്തുന്ന സ്ഥാപനങ്ങളുടെ നിലനിൽപും ചോദ്യങ്ങളുയർത്തും.

9. ഇൻഷുറൻസ് നിക്ഷേപമല്ല

വിരമിച്ച ശേഷം പെൻഷൻ ലഭിക്കുന്ന രീതിയിൽ കോർപസ് തുക നിക്ഷേപിക്കുന്നതിന് ആന്യുവിറ്റി പദ്ധതികൾ നൽകുന്നത് ലൈഫ് ഇൻഷുറൻസ് കമ്പനികളാണെങ്കിലും നിക്ഷേപ സമാഹരണ ഘട്ടത്തിൽ പരമ്പരാഗത ഇൻഷുറൻസ് പോളിസികളിൽ വേണ്ടത്ര ഉയർന്ന നിരക്കിൽ മൂലധന വളർച്ച ഉണ്ടാകുന്നില്ല.

10. ഓഹരികളിൽ ശ്രദ്ധാപൂർവം

ദീർഘകാലാടിസ്ഥാനത്തിൽ മൂലധനം പരമാവധി വർധിപ്പിക്കാൻ ഓഹരി നിക്ഷേപങ്ങളിലൂടെ സാധിക്കും. ഉയർന്ന വരുമാനം ഉണ്ടാകുമെങ്കിലും നഷ്ട സാധ്യത കൂടുതലായതിനാൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നന്റെ ഭാഗമായി 50 വയസ്സു വരെ കോർപസ് തുകയുടെ 75% വരെ ഓഹരികളിൽ പരിമിതപ്പെടുത്താം. തുടർന്നങ്ങോട്ട് അനുപാതം കുറച്ചുകൊണ്ടുവരണം. ഓരോ ഘട്ടത്തിലും വിപണി ലാഭം മറ്റു നിക്ഷേപങ്ങളിലേക്കു മാറ്റി അടിസ്ഥാനമായൊരു കോർപസ് നിക്ഷേപം ഉറപ്പാക്കണം.  നാഷനൽ പെൻഷൻ പദ്ധതിയിൽ 35 വയസ്സു വരെ നിക്ഷേപത്തിന്റെ 75% ഓഹരികളിൽ നിക്ഷേപിക്കുന്ന അഗ്രസീവ് ലൈഫ് സൈക്കിൾ ഫണ്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com