ADVERTISEMENT

ഒരു സാമ്പത്തിക വർഷം  നികുതിദായകനെ സംബന്ധിച്ച്  നികുതി വകുപ്പിന്റെ ശ്രദ്ധയിൽ വന്നിട്ടുള്ള വിവരങ്ങളുടെ സംഗ്രഹമാണ്  ‌ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് അഥവാ  വാർഷിക വിവര  ‌പ്രസ്താവന (എഐഎസ്).  നികുതിദായകന്റെ വരുമാനം, സാമ്പത്തിക ഇടപാടുകൾ, നികുതി കിഴിവ് അഥവാ ശേഖരണത്തിന്റെയും അടവിന്റെയും വിവരങ്ങൾ ഇതിൽ കാണിക്കും. 26എഎസിൽ  സ്രോതസ്സിൽ നികുതി കിഴിവ് അഥവാ ശേഖരിച്ചതിന്റെയും അനുബന്ധ വരുമാനത്തിന്റെയും  വിവരങ്ങൾ ഉള്ളപ്പോൾ എഐഎസിൽ  എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ  ഉണ്ടാകും. കൂടാതെ എഐഎസിലെ വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്താനുള്ള  അവസരം നികുതിദായകന് ഉണ്ട്. 26എഎസിൽ ഈ സൗകര്യം ഇല്ല. 

ഫോം 26എഎസ്

സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്ത ശേഷം അത് നിങ്ങളുടെ 26 എഎസിൽ പ്രതിഫലിക്കുന്നില്ലെങ്കിൽ ടിഡിഎസ് പിടിച്ചവരെ ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുക. നികുതി നിർണയ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ  ആദായനികുതി റിട്ടേണിൽ അവകാശപ്പെട്ട ടിഡിഎസും ഫോം 26 എഎസിൽ കാണുന്ന ടിഡിഎസും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ 26 എഎസിൽ പ്രതിഫലിച്ച നികുതി മാത്രമേ പരിഗണിക്കൂ.

വാർഷിക വിവര പ്രസ്താവന 

26എഎസിലെ  പോലെ എഐഎസിനും രണ്ടു ഭാഗം ഉണ്ട്. ഭാഗം എയിൽ നികുതിദായകന്റെ പൊതുവിവരങ്ങളും ഭാഗം ബിയിൽ സ്രോതസ്സിൽ പ്രധാനമായും നികുതികിഴിവ് ചെയ്തത് അഥവാ ശേഖരിച്ചത്,  ഇതുമായി ബന്ധപ്പെട്ട വരുമാനത്തിന്റെയും വരുമാനസ്രോതസ്സിന്റെയും വിശദാംശങ്ങൾ, നിർദിഷ്ട സാമ്പത്തിക ഇടപാടുകൾ (എസ്എഫ്ടി), മുൻ‌കൂർ അടച്ച നികുതി, നികുതി കുടിശ്ശികയുടെയും തിരികെ കിട്ടിയതിന്റെയും വിവരങ്ങൾ, ചരക്കു സേവന നികുതി അനുസരിച്ചുള്ള വിറ്റുവരവ്, മറ്റു  സ്രോതസ്സിൽ നിന്നു കിട്ടിയ വിവരങ്ങൾ, വിദേശനാണ്യം വാങ്ങിയതിന്റെയും അയച്ചതിന്റെയും വിവരങ്ങൾ തുടങ്ങിയവ ഉണ്ടാകും. 

എഐഎസ് എങ്ങനെ ലഭിക്കും?

നികുതിവകുപ്പിന്റെ വെബ്സൈറ്റ് ആയ https://eportal.incometax.gov.in ൽ നിന്നുമാണ് എഐഎസ് ലഭിക്കുക. സൈറ്റിൽ റജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷം എഐഎസ് എന്ന ശീർഷകത്തിൽ ക്ലിക്ക് ചെയ്ത്  പ്രൊസീഡ് കൊടുക്കുമ്പോൾ എഐഎസ് സ്‌ക്രീനിൽ എത്തും. അവിടെനിന്ന് എഐഎസ് ഡൌൺലോഡ് ചെയ്യാം.

എഐഎസിലെ വിവരങ്ങൾ ഒത്തുനോക്കണം 

റിട്ടേൺ സമർപ്പിക്കുന്നതിനു മുൻപായി എഐഎസിൽ പ്രതിഫലിക്കുന്ന ഇടപാടുകൾ കണക്കിലെടുത്തെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം നികുതി വകുപ്പിൽനിന്ന് നോട്ടിസ് ലഭിക്കാം. എന്നാൽ നികുതികിഴിവ് ചെയ്തത് അഥവാ ശേഖരിച്ചത്,  ഇവയിൽ  എഐഎസും  26എഎസും തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ 26എഎസിലെ വിവരങ്ങളാണ് റിട്ടേണിൽ എടുക്കേണ്ടത്. മുൻ‌കൂർ അടച്ച നികുതിയുടെ വിവരങ്ങൾ എഐഎസിലാണ് പ്രതിഫലിക്കുക. 

ഇ-റിട്ടേൺ സ്ഥിരീകരിക്കാനുള്ള സമയം 30 ദിവസം

ഡിജിറ്റൽ ഒപ്പിടാതെ ഇലക്ട്രോണിക്കായി റിട്ടേൺ സമർപ്പിക്കുന്ന എല്ലാ നികുതിദായകരും റിട്ടേൺ സമർപ്പിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഇത് സ്ഥിരീകരിച്ചിരിക്കണം. നേരെത്തെ ഇത് 120 ദിവസമായിരുന്നു. ഇലക്ട്രോണിക്കായി സ്ഥിരീകരിക്കാത്തവർ   ഐടിആർ-വിയിലുള്ള  പ്രഖ്യാപനത്തിന്റെ പകർപ്പെടുത്ത്‌ കയ്യൊപ്പോടുകൂടി സിപിസി, ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റ്, ബെംഗളൂരു-560 500 എന്ന വിലാസത്തിൽ  സ്‌പീഡ്‌ പോസ്റ്റായി മാത്രം അയച്ചിരിക്കണം.

(അനുയോജ്യമായ നികുതി സമ്പ്രദായം പുതിയതോ പഴയതോ? നാളെ വായിക്കുക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com