ADVERTISEMENT

കൊച്ചി∙ കേരളത്തിന്റെ പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ കാര്യമായ ഇടിവുണ്ടാകുന്നതിൽ ആശങ്ക. കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ വളർച്ചാ നിരക്ക് ഒറ്റയക്കത്തിലേക്ക് ഒതുങ്ങുന്ന പ്രവണത തുടരുകയാണ്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ കണക്കു പ്രകാരം അവസാനപാദങ്ങളിലെ എൻആർ ഡിപ്പോസിറ്റ് വളർച്ചാ നിരക്ക് 4%, 8% എന്നിങ്ങനെയാണ്. 2021 മാർച്ചിൽ 2,22,629 കോടിയായിരുന്ന നിക്ഷേപം, 2022ൽ 2,38,409 കോടിയായി ഉയർന്നു. എന്നാൽ 2023 മാർച്ചിൽ 2,40,975 കോടി മാത്രം. വളർച്ച നാമമാത്രം. പലിശ നിരക്കിനേക്കാൾ താഴേയ്ക്ക് നിക്ഷേപ വളർച്ചാനിരക്ക് താഴ്ന്നു. 

വിദേശ മലയാളികളിൽ നിന്നുള്ള പണംവരവ് ഉയരാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ സർക്കാർ, റിസർവ് ബാങ്ക്, ബാങ്കിങ് പ്രതിനിധികൾ വിലയിരുത്തി. രാജ്യത്തിന്റെ ജിഡിപിയിൽ പോലും നിർണായക സ്വാധീനമുള്ള കേരളത്തിലേക്കുള്ള വിദേശികളുടെ പണമയയ്ക്കൽ ഉയരാത്തതു സംസ്ഥാനത്തിന്റെ വരുമാനത്തെയും ബാധിക്കും. എൻആർ നിക്ഷേപത്തിന്റെ കുറവ് മലയാളികളുടെ പണംചെലവഴിക്കലിൽ കാര്യമായ ഇടിവുണ്ടാക്കുന്നതിനാലാണിത്. കേരളത്തിലെ ആളുകളിൽ നിന്നുള്ള നിക്ഷേപം 9% വളർച്ച നേടിയപ്പോഴും എൻആർ നിക്ഷേപത്തിൽ 4% മാത്രം വളർച്ചയുള്ള പ്രവണത കഴിഞ്ഞ സാമ്പത്തിക വർഷത്തിലുമുണ്ടായി.

നിക്ഷേപം കുറയാനുള്ള കാരണങ്ങൾ

മുൻപ് ഗൾഫ് മേഖലയിൽ നിന്നുള്ള പണമൊഴുക്കായിരുന്നു കൂടുതലെങ്കിൽ സ്വദേശിവൽക്കരണത്തിനും കോവിഡിനും ശേഷം അമേരിക്കയും യൂറോപ്പും മുന്നിലായി. എന്നാൽ അമേരിക്കയിലുമെല്ലാമുണ്ടായ സാമ്പത്തിക മുരടിപ്പ്, ഉയർന്ന പണപ്പെരുപ്പം എന്നിവ പണമയയ്ക്കലിനെ സാരമായി ബാധിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളും പണം വരവിനെ ബാധിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഇക്കാലയളവിലുണ്ടായെങ്കിലും ഭൂരിപക്ഷവും വിദ്യാർഥികളായതിനാൽ നാട്ടിലേക്ക് പണമയയ്ക്കാനുള്ള സാഹചര്യമില്ല.

കഴിഞ്ഞ 5 പാദങ്ങളിൽ കേരളത്തിൽ എത്തിയ പ്രവാസി നിക്ഷേപം 

സ്വകാര്യ, പൊതുമേഖല, സഹകരണ, കേരള, സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ ആകെയെത്തിയ തുക

∙ മാർച്ച് 2022– 2,38,409 കോടി രൂപ

∙ ജൂൺ 2022– 2,45,896 കോടി

∙ സെപ്റ്റംബർ 2022– 2,45,725 കോടി

∙ ഡിസംബർ 2022– 2,48,761 കോടി

∙ മാർച്ച് 2023– 2,40,975 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com