ADVERTISEMENT

തൊടുപുഴ ∙ രണ്ടര വർഷത്തിനുശേഷം 2000 രൂപ കടന്ന് ഏലയ്ക്ക വില. ഇന്നലെ നടന്ന സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ 2254.34, 2078.88 എന്നിങ്ങനെയായിരുന്നു ഒരു കിലോഗ്രാം ഏലയ്ക്കയുടെ ശരാശരി വില. തിങ്കളാഴ്ചത്തെ ശരാശരി വില 2042, 2152 രൂപ. ഇന്നലെ നടന്ന ശാന്തൻപാറ കാർഡമം അസോസിയേഷന്റെ ഇ–ലേലത്തിൽ കൂടിയ വില 2890ൽ എത്തി.

ഇതിനു മുൻപ് 2020 ഡിസംബർ 16നാണ് ഇ-ലേലത്തിൽ  ശരാശരി വില 2000 രൂപയിൽ എത്തിയത്. 2020 ജനുവരി 4ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 7000 രൂപയും ശരാശരി വില 4015 രൂപയും രേഖപ്പെടുത്തി. 2021 ഡിസംബർ 6ന് 1011 രൂപയായ ശരാശരി വില, പിന്നീട് ഇടിഞ്ഞ് ഏതാനും മാസത്തോളം 1,000 രൂപയ്ക്കു താഴെയായിരുന്നു. 2022 ജൂൺ 9ന് ശരാശരി വില 718 രൂപയായി. 2023 മാർച്ച് 11ന് 1500 രൂപയായി ശരാശരി വില ഉയർന്നെങ്കിലും വീണ്ടും കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

കാലാവസ്ഥാ വ്യതിയാനത്താൽ ഏലയ്ക്ക ഉൽപാദനം പകുതിയോളമായി കുറഞ്ഞതാണു വില വർധനയ്ക്കു കാരണം. ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് പ്രധാനമായും ഏലയ്ക്ക ഉൽപാദനം. വളങ്ങളും കീടനാശിനികളും പ്രയോഗിച്ച പല തോട്ടമുടമകൾക്കും കർഷകർക്കും മഴക്കുറവ് തിരിച്ചടിയായി.

വില ഉയരുന്നുണ്ടെങ്കിലും തോട്ടങ്ങളിൽ വിളവില്ലാത്തതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ചെടികളിൽ പൂവിട്ടെങ്കിലും കായ പിടിക്കാതെ പോകുന്ന സ്ഥിതിയുമുണ്ട്. മുൻവർഷങ്ങളിൽ ജൂൺ പകുതിക്കുശേഷം കാര്യമായ തോതിൽ ഏലയ്ക്ക വിപണിയിലേക്ക് എത്തിയിരുന്നെങ്കിലും ഇത്തവണ ഓഗസ്റ്റ് ആയിട്ടും കാര്യമായ വരവില്ലെന്ന് കച്ചവടക്കാർ പറയുന്നു. ആവശ്യത്തിന് ഉൽപന്നം വിപണിയിലേക്ക് എത്താത്തതിനാൽ വില ഇനിയും ഉയരുമെന്ന സൂചനകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com