ADVERTISEMENT

തൃശൂർ∙ കൈത്തറി മേഖല ഓണക്കാലത്തു പ്രതീക്ഷിക്കുന്നത് കോടിക്കണക്കിനു രൂപയുടെ കച്ചവടം. കൈത്തറി സംഘങ്ങൾക്കു പുറമേ സ്വകാര്യ വ്യാപാരസ്ഥാപനങ്ങളും വൻതോതിൽ കേരളീയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് ഓണത്തെ വരവേൽക്കാനൊരുങ്ങി. കൈത്തറിയുടെ പേരിൽ ബ്രാൻഡ് ആയി മാറിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈത്തറി ഉൽപന്നങ്ങൾ കയറ്റി അയച്ചുകഴിഞ്ഞു.

കേരള സാരികൾ മാത്രമല്ല; എല്ലാം കിട്ടുന്ന കുത്താമ്പുള്ളി

തൃശൂർ ജില്ലയിലെ കൈത്തറി നെയ്ത്തു ഗ്രാമമായ കുത്താമ്പുള്ളിയിൽ ഇക്കുറി 250 കോടി രൂപയുടെ കച്ചവടമാണ് എല്ലാ വ്യാപാരസ്ഥാപനങ്ങളും കൂടി പ്രതീക്ഷിക്കുന്നത്. ഒരു കൈത്തറി സഹകരണ സംഘത്തിനു പുറമേ, 93 കടകളാണ് ഇവിടെയുള്ളത്. 

നേരത്തെ, ഇവിടെ കേരളസാരികളും സെറ്റുമുണ്ടുകളും പുരുഷന്മാർക്കുള്ള കസവ്– കേരള മുണ്ടുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാത്തരം തുണികളും ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വർഷം ഓണത്തിന് 20 ദിവസം മുൻപു തന്നെ മിക്ക സ്ഥാപനങ്ങളിലെയും സ്റ്റോക്ക് തീർന്നിരുന്നു. മുൻപ്, കുത്താമ്പുള്ളിയിലെ ആകെ കച്ചവടത്തിന്റെ 75 ശതമനാവും മൊത്തക്കച്ചവടമായിരുന്നു. ഇപ്പോൾ ചില്ലറ വിൽപന കൂടി.

ഒരുങ്ങിയിറങ്ങി ഖാദി സംഘങ്ങൾ‌

വൈവിധ്യമുള്ള തുണിത്തരങ്ങളുമായാണ് കൈത്തറി, ഖാദി നെയ്ത്തു സംഘങ്ങൾ ഓണവിപണിയിൽ നേട്ടം കൊയ്യാൻ ഒരുങ്ങുന്നത്. ഖാദി മേഖലയിലെ മൊത്തം വിറ്റുവരവിന്റെ 75% ഓണക്കാലത്താണ്. ഇതു മുന്നിൽക്കണ്ട് ഉൽപന്നങ്ങളിൽ വൈവിധ്യവും പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുന്ന ‘നാച്വറ’ സ്കിൻ കെയർ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള പുതുമകളും അവതരിപ്പിച്ചാണ് ഖാദി വിപണിയിൽ സജീവമാകുന്നത്. 

എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകളുമായും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് സ്റ്റാളുകൾ ഒരുക്കിയും ഓണം മേളകൾ വഴിയുമാണ് വിപണനം. ഓണക്കാലത്ത് 80–90 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്നു.ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന മേളകളിൽ കൈത്തറി സംഘങ്ങൾ ഉൽപന്നങ്ങളുമായി സജ്ജമായിക്കഴിഞ്ഞു. 20% റിബേറ്റ് അനുവദിച്ചത് വിപണനത്തിനു സഹായിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലാണ് ഏറ്റവും അധികം സംഘങ്ങളുടെ സ്റ്റാളുകളുള്ളത്. 

50 എണ്ണം. ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി, കാസർകോട് സാരീസ്, കണ്ണൂർ ഹോം ഫർണിഷിങ്, കണ്ണൂർ കൈത്തറി എന്നിങ്ങനെ ഭൗമസൂചികാ പദവി ലഭിച്ച ഉൽപന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. 25–30 കോടി രൂപയുടെ വിപണനമാണ് ഓണവിപണിയിൽ നിന്നു കൈത്തറിസംഘങ്ങൾ പ്രതീക്ഷിക്കുന്നത്.

എല്ലാ സംഘങ്ങളുമായി 4 കോടി രൂപയുടെ തുണിത്തരങ്ങളെങ്കിലും ചേന്ദമംഗലത്ത് ഇക്കുറി ഉൽപാദിപ്പിച്ചിട്ടുണ്ട്. ഓണത്തിന് 3 കോടി രൂപയുടെ മുകളിൽ വിൽപന പ്രതീക്ഷിക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ മേളകളിലും സ്റ്റാളുകളുണ്ടാകും. ഓണം പ്രമാണിച്ച് 20% സർക്കാർ റിബേറ്റോടു കൂടിയാണു വിൽപന. കസവുവരകളും മുന്താണിയിൽ ഡിസൈനുമുള്ള പുത്തൻ കസവു സാരി ചേന്ദമംഗലം കൈത്തറിയിലെ ഈ വർഷത്തെ ആകർഷണമാണ്. 

Content Highlight: Handloom, handweave, hanweave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com