ADVERTISEMENT

കൊച്ചി∙ ചൈനയിൽ പണച്ചുരുക്കം. പണപ്പെരുപ്പത്തിന്റെ വിപരീതമായ പണച്ചുരുക്കം (ഡിഫ്ലേഷൻ) സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമായി കരുതപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളെല്ലാം പണപ്പെരുപ്പവും (ഇൻഫ്ലേഷൻ) വിലക്കയറ്റവും മൂലം വലയുമ്പോഴാണ് ചൈന വിലയിടിവ് നേരിടുന്നത്.ചൈനീസ് ഉപഭോക്തൃ ഉൽപന്ന വിലകൾ മുൻ വർഷത്തെ അപേക്ഷിച്ച് 0.3% കുറഞ്ഞപ്പോൾ ഫാക്ടറി വിലകൾ 4.4% ഇടിഞ്ഞു.

∙തകർച്ചയുടെ കാരണങ്ങൾ

ആഗോള തലത്തിൽ തന്നെ ഉൽപന്നങ്ങളുടെ ഇറക്കുമതി ആവശ്യം കുറഞ്ഞതാണ് പ്രധാന കാരണം. കോവിഡിനു ശേഷം ചൈനാ ആശ്രിതത്വം കുറയ്ക്കുകയെന്ന നയം ആഗോളതലത്തിൽ വന്നു. ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ ലോകരാഷ്ട്രങ്ങൾ അവിടെ നിന്നുള്ള ഇറക്കുമതികൾ കുറച്ചു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും പണച്ചുരുക്കത്തിന് ആക്കം കൂട്ടി. ചൈനീസ് ആഭ്യന്തര വരുമാനത്തിന്റെ 30% തന്നെ കെട്ടിട നിർമാണവും റിയൽ എസ്റ്റേറ്റുമായിരുന്നു.  റിയൽ എസ്റ്റേറ്റ് കമ്പനികളുടെ കടത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. നിർമാണം പൂർത്തിയായിട്ടും വിൽക്കാത്ത ഫ്ലാറ്റ് സമുച്ചയങ്ങളും ഓഫിസ് കെട്ടിടങ്ങളും ചൈനയിലേറെയാണ്.

ചൈനയിൽ ജനസംഖ്യ കുറയുന്നതിനാൽ ഉപയോഗം വർധിക്കാൻ സാധ്യതയില്ല. സർക്കാരിന്റെ ചെലവ് കൂട്ടുകയാണൊരു പോംവഴിയെങ്കിലും സർക്കാർ–കോർപറേറ്റ് കടങ്ങൾ ആഭ്യന്തര വരുമാനത്തിന്റെ 287% വരെ പെരുകിയതിനാൽ ആ സാധ്യതയും ഇല്ല. കയറ്റുമതി ഇടിഞ്ഞപ്പോൾ ഫാക്ടറികൾ പൂട്ടി. തൊഴിലില്ലായ്മ വർധിക്കുന്നു.

∙ഇന്ത്യയ്ക്ക് ഗുണകരമോ

വിദേശ ഫണ്ടുകൾ ചൈനയിലെ ഓഹരി നിക്ഷേപങ്ങൾ വിറ്റ് ഇന്ത്യയിൽ നിക്ഷേപിക്കുന്നതാണ് അടുത്ത കാലത്ത് കണ്ടത്. ഇക്കൊല്ലം ആദ്യ 3 മാസങ്ങളിൽ ചൈനയിലെ നിക്ഷേപം അവർ വൻതോതിൽ വിറ്റുമാറി. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആ തുക പ്രധാനമായും ഇന്ത്യയിൽ നിക്ഷേപിച്ചതാണ് ഓഹരി വിപണി കുതിക്കാൻ കാരണം. 1,35000 കോടി ഇന്ത്യയിലേക്കെത്തി. രൂപ ശക്തമാകാനും ഈ നിക്ഷേപവരവ് ഇടയാക്കി.ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ ചെലവ് കുറയുമെന്നതാണ് മറ്റൊരു ഫലം. ഫാക്ടറികൾ പൂട്ടാതിരിക്കാൻ വില കുറച്ചിട്ടായാലും എങ്ങനെയും വിൽക്കാനാണ് ചൈനീസ് കയറ്റുമതിക്കാർ ശ്രമിക്കുന്നത്.

 

ചൈന തളരുന്നതോടെ ലോകത്ത് ജിഡിപി വളർച്ച നിരക്കിൽ മുന്നിലുള്ള രാജ്യമായി ഇന്ത്യ തുടരും. ഇക്കൊല്ലം 6.5% വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നു. ഓഹരി വിപണിയിലേക്കും പണമൊഴുകും.

വി.കെ.വിജയകുമാർ, ജിയോജിത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com