ADVERTISEMENT

ന്യൂഡൽഹി∙ സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വരുന്ന സ്റ്റാർ റേറ്റിങ്ങിനുള്ള പരിശോധനയ്ക്കായി ഇതിനകം വിവിധ കമ്പനികൾ 30 മോഡലുകൾ നൽകിയതായി കേന്ദ്രം അറിയിച്ചു. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും റേറ്റിങ്. ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമിന്റെ (ഭാരത് എൻക്യാപ്) ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു.

ഒക്ടോബർ ഒന്നിനു ശേഷം കാർ നിർമാതാക്കളും വിദേശത്തു നിന്നു കാറുകൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളും അവരുടെ വിവിധ മോഡലുകൾക്ക് റേറ്റിങ് നേടിയിരിക്കണം. സ്വകാര്യ ഏജൻസികളുടെ റേറ്റിങ് നേരത്തേ തന്നെയുണ്ടെങ്കിലും സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള റേറ്റിങ് എന്നതാണ് ഭാരത് എൻക്യാപിന്റെ പ്രത്യേകത. സുരക്ഷ വർധിപ്പിക്കുമ്പോൾ വില കൂടാനുള്ള സാധ്യതയും നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

3 തരം പരിശോധന

കുട്ടികളുടെ സുരക്ഷ, മുതിർന്നവരുടെ സുരക്ഷ, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിങ്ങനെ 3 തരം പരിശോധനയ്ക്ക് ശേഷമാകും കാറിന് റേറ്റിങ് നൽകുക. പ്രത്യേകമായി സജ്ജീകരിച്ച ലാബിലായിരിക്കും ഇത് നടക്കുക. കുട്ടികളുടെയും മുതിർന്നവരുടെയും ഡമ്മികൾ സീറ്റിൽ വച്ച ശേഷമായിരിക്കും കാർ പല തരത്തിൽ ഇടിപ്പിച്ച് സുരക്ഷ പരിശോധിക്കുന്നത്. ഇടിയിൽ ശരീരഭാഗങ്ങളിലുണ്ടാകുന്ന ആഘാതം, എയർ ബാഗിന്റെ വിന്യാസം അടക്കം വിലയിരുത്തും. തല, നെഞ്ച്, വയറ്, കാൽ എന്നിവയിലുണ്ടാകുന്ന ആഘാതമാണ് പ്രധാനമായും പരിശോധിക്കുന്നത്. 

ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എഐഎസ്)–197 അധിഷ്ഠതമായാണു പരിശോധന. പരിശോധനയ്ക്കുള്ള ചെലവ് വാഹനിർമാതാക്കൾ വഹിക്കണം. കാറിന്റെ അടിസ്ഥാന മോഡലായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധനയ്ക്കുള്ള വാഹനം ഇതിനായി നിലവിൽ വരുന്ന പ്രത്യേക ഏജൻസി വാഹനിർമാതാവിന്റെ പ്ലാന്റിൽ നിന്ന് റാൻഡമായി തിരഞ്ഞെടുക്കും. പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റിപ്പോർട്ടിൽ തൃപ്തരല്ലെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.\

Content Bharat NCAP Safety Ratings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com