ഡിജിറ്റലിലും അത്ര എള്ളോളമല്ല കള്ളം
Mail This Article
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നൊക്കെ പിന്നെയും ഓണത്തിനു പാടുന്നതു കേട്ടതാണ്. പടുപാട്ടൊന്നു പാടാത്ത കഴുതയില്ല എന്നൊരു ചൊല്ലുണ്ടെന്നും ഓർക്കുക. ഡിജിറ്റൽ പേയ്മെന്റ് നാട്ടിലാകെ പാട്ടായിരിക്കുകയാണല്ലോ. പലരുടെയും വിചാരം ഇതിൽ എള്ളോളവും കള്ളമില്ലെന്നാണ്. മൊബൈലിൽ കുത്തി കാശിടുന്നു, നേരേ അക്കൗണ്ടിൽ ചെല്ലുന്നുവെന്നാണു സങ്കൽപം.
ഒരു രൂപയുടെ മിഠായി അഞ്ചെണ്ണം വാങ്ങാൻ 5 രൂപ കൊടുക്കാൻ പോലും ജീപേ ഉണ്ടോ എന്നു ചോദിക്കുന്ന കാലമാണ്. തിരക്കുള്ളപ്പോൾ തട്ടുകടയിൽ പോലും ജിപേ, ഫോൺപേ തുടങ്ങി പലതരം പേകൾ നടത്തുന്നു. ഫോൺ കടക്കാരന്റെ നേരേ കാണിച്ചെന്നു വരുത്തുന്നു. ആൾക്കൂട്ടത്തിനിടെ ആര് എത്ര കാശിട്ടു എന്നൊന്നും നോക്കാനൊക്കില്ല. 120 രൂപയുടെ ബില്ലിന് പകരം 20 രൂപ ഇടുന്നവരും കാണും. രോഗി പണം ഇല്ലാതെ വെറുതെ കവർ വച്ചു ഡോക്ടറെ പറ്റിക്കുന്ന പോലെ.
പമ്പിൽ പെട്രോൾ അടിക്കുന്ന പണി തുടങ്ങിയ ചെക്കൻ പഞ്ചപാവം. പമ്പിൽ ജിപേ നടത്തുന്നവരും നേരിട്ട് കാശ് കൊടുക്കുന്നവരും കാർഡ് കൊടുക്കുന്നവരുമെല്ലാമുണ്ട്. ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് വഴി പെട്രോൾ അടിച്ചിട്ട് സ്ലിപ് വേണോ എന്നു ചോദിക്കുമ്പോൾ വേണ്ടെന്നു പറയുന്നവരാണു മിക്കവരും. എന്തിനാ ഒരു കീറക്കടലാസ് കൂടി? അവിടെയാണു വേല.
പമ്പിലെ അക്കൗണ്ടന്റോ ഉടമയോ നോക്കുമ്പോൾ സ്ലിപ്പുകളുടെ എണ്ണവും തുകയും അനുസരിച്ചു വരേണ്ട തുക ബാങ്ക് അക്കൗണ്ടിൽ എത്തുന്നില്ല. നമ്മുടെ പാവം ചെക്കൻ പമ്പ് ഉടമയ്ക്കു കോടുക്കുന്ന സ്ലിപ്പിനു പുറമേ ഉപഭോക്താവിനു കൊടുക്കേണ്ട സ്ലിപ് കൂടി വച്ച് കണക്ക് കാണിക്കുന്നു. എന്നിട്ട് ഒരു സ്ലിപ്പിലെ തുക പെട്ടിയിൽ നിന്ന് നോട്ടുകളായി അടിച്ചു മാറ്റും. ദിവസം 2000 രൂപ വരെ ഇസ്ക്കുന്നവരുണ്ടത്രെ. പിടിച്ചാൽ ചെക്കന്റെ പണി പോയി. വേറേ ആളെ കിട്ടാനും പാടാണ്.
വേറൊരു വേല കാർഡ് കൊടുക്കുമ്പോൾ പിടിക്കുന്നില്ല, നെറ്റ് സ്ലോ എന്നൊക്കെ പറയുന്നതാണ്. അതിനിടെ നൂറോ, ഇരുന്നൂറോ കാർഡ് ഉപയോഗിച്ചു തന്നെ അക്കൗണ്ടിൽ ഇടും. പലരും ഉടൻ തന്നെ എസ്എംഎസ് നോക്കിയെന്നു വരില്ല. എന്നിട്ട് അവരിൽ നിന്ന് കാഷ് വാങ്ങുന്നു. കാർഡ് വഴി വന്ന നൂറോ ഇരുന്നൂറോ അടിച്ചു മാറ്റും. ഹൈവേ പമ്പുകളിൽ ദീർഘയാത്രക്കാരെയാണ് ഇങ്ങനെ പറ്റിക്കുന്നത്. ചെറിയ തുക പോയകാര്യം പിന്നീട് മനസ്സിലായാലും ആരും തർക്കിക്കാൻ തിരിച്ചു വരാറില്ല.
ഒടുവിലാൻ∙ ഓണക്കാലത്ത് കടയിലെത്തി പഴയ പോലെ കാശെണ്ണിക്കൊടുത്ത് സാധനം വാങ്ങുന്നവർ വെറും 10% പോലുമില്ലായിരുന്നത്രെ. കൗണ്ടറിൽ വരുന്നതു തന്നെ മൊബൈലുമായിട്ടാണ്. അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയുടെ ഫിനാൻസ്.