മാറ്റത്തിന്റെ ചിറകുവിടർത്തി എയർ ഇന്ത്യ എക്സ്പ്രസ്
Mail This Article
കൊച്ചി ∙ എയർ ഏഷ്യ ലയനത്തോടെ വിപുലമായ മാറ്റത്തിനുള്ള മാർഗരേഖ തയാറാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർ ഏഷ്യ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. ഇതിനായുളള മാറ്റത്തിന്റെ മാർഗരേഖ മാനേജിങ് ഡയറക്ടർ അലോക് സിങ് 2 വിമാനക്കമ്പനികളിലേയും മുഴുവൻ ഉദ്യോഗസ്ഥരുമായി തത്സമയ സംവാദത്തിൽ വിശദീകരിച്ചു. 5 വർഷത്തിനുളളിൽ സമഗ്ര നവീകരണവും മാറ്റവും ലക്ഷ്യമിട്ട് നേരത്തെ എയർ ഇന്ത്യ അവതരിപ്പിച്ച വിഹാൻ ഡോട്ട് എഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസും മാറുന്നത്. ആഭ്യന്തര വിപണിയിലും രാജ്യാന്തര മേഖലയിലും പുതിയ സാധ്യതകൾ തേടും.
എയർ ഇന്ത്യ എക്സ്പ്രസിലേക്കും എയർ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകൾ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്നതിനുളള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു.