ADVERTISEMENT

ന്യൂഡൽഹി∙ ഫോണിൽ ഇന്റർനെറ്റ് ഓഫ് ആണെങ്കിലും തൊട്ടടുത്തുള്ള മറ്റൊരു ഫോണിലേക്ക് ഇനി യുപിഐ വഴി പണമയയ്ക്കാം. ഇതിനുള്ള 'യുപിഐ ലൈറ്റ് എക്സ്' (UPI Lite X) ഫീച്ചർ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ചു. ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ഉദാഹരണത്തിന് ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനിലോ, വിമാനത്തിലോ ആണെങ്കിൽ പണം അയയ്ക്കേണ്ട ഫോണിലേക്ക് നമ്മുടെ ഫോൺ മുട്ടിച്ച് ഇടപാട് പൂർത്തിയാക്കാം. ഫോൺ ഫ്ലൈറ്റ് മോഡിൽ ആണെങ്കിലും പേയ്മെന്റ് നടത്താമെന്നു ചുരുക്കം. യുപിഐ ലൈറ്റ് എക്സ് അടക്കമുള്ള ഫീച്ചറുകൾ വൈകാതെ ഫോണുകളിൽ ലഭ്യമായിത്തുടങ്ങും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.

മറ്റ് പുതിയ സേവനങ്ങൾ

∙ യുപിഐ ടാപ് ആൻഡ് പേ

പുതിയതായി വരുന്ന 'ടാപ് ആൻഡ് പേ' സൗകര്യമുള്ള ക്യുആർ കോഡ് ബോക്സുകളിൽ സ്കാൻ ചെയ്യുന്നതിനു പകരം ഇനി ഫോൺ മുട്ടിച്ചും പേയ്മെന്റ് ചെയ്യാം. ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഈ പേയ്മെന്റ് നടക്കുമെന്നതാണ് മെച്ചം.

∙ ഫീച്ചർ ഫോൺ പേയ്മെന്റ്

ഒരു സ്മാർട് ഫോണിൽ നിന്ന് സാധാരണ ഫീച്ചർ ഫോണിലേക്കും പേയ്മെന്റ് നടക്കും. ഇതിനായി സാധാരണ ഫോണിന്റെ പിന്നിൽ എൻപിസിഐ പുറത്തിറക്കുന്ന 'യുപിഐ ടാഗ്' ഒട്ടിച്ചുവച്ചാൽ മതി. ഇതിലേക്ക് സ്മാർട്ഫോൺ മുട്ടിച്ച് പേയ്മെന്റ് നടത്താം.

∙ യുപിഐ വഴി വായ്പയ്ക്ക് 5 ബാങ്കുകൾ

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ 5 ബാങ്കുകൾ സജ്ജമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷനൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ബാങ്കുകൾ. ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈൻ എന്ന പേരിൽ വായ്പ അനുവദിക്കും. ഈ ക്രെഡിറ്റ് ലൈൻ ഗൂഗിൾ പേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കാം.

∙ ഹലോ യുപിഐ

യുപിഐ ആപ്പിനോട് സംസാരിച്ചുകൊണ്ട് ഇനി പേയ്മെന്റ് ചെയ്യാം. ഉദാഹരണത്തിന് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള ആദർശ് എന്ന വ്യക്തിക്ക് പണമയയ്ക്കണമെങ്കിൽ യുപിഐ ആപ്പിലെ 'മൈക്ക്' ചിഹ്നത്തിൽ ടാപ് ചെയ്ത ശേഷം 'ആദർശിന് പണമയയ്ക്കൂ' എന്ന് നിർദേശിക്കാം. പിൻ അടക്കം ഇത്തരത്തിൽ ശബ്ദരൂപത്തിൽ കമാൻഡ് നൽകാം. ആദ്യഘട്ടത്തിൽ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളാണ് ലഭ്യം.

∙ ബിൽപേ കണക്ട്

ഭാരത് ബിൽപേയുടെ വാട്സാപ് നമ്പർ വഴി വൈദ്യുതി ബിൽ അടക്കമുള്ള ബിൽ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താം. സ്മാർട്ഫോൺ ഇല്ലാത്തവർക്ക് നിശ്ചിത നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയും പേയ്മെന്റ് നടത്താം.

Content Highlight: UPI Lite X; Now UPI transaction without internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com