ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ലൈറ്റ്നിങ് പോർട്ട് ഒഴിവാക്കി പകരം യുഎസ്ബി–സി പോർട്ടുമായി ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോ‍ഡലുകൾ ആപ്പിൾ വിപണിയിലിറക്കി. ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് പുതിയത്. ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നിവയും ആപ്പിൾ ആസ്ഥാനത്ത് നടന്ന ‘വണ്ടർലസ്റ്റ്’ ചടങ്ങിൽ കമ്പനി അനാവരണം ചെയ്തു. കഴിഞ്ഞ മോഡലിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. യുഎസ്ബി–സി ചാർജിങ് സംവിധാനത്തിനു പുറമേ, 48 മെഗാപിക്സൽ ക്യാമറ, കസ്റ്റമൈസ് ചെയ്യാവുന്ന പുതിയ ആക്‌ഷൻ ബട്ടൻ, പുതിയ എ17 ചിപ്, ഐഒഎസ് 17 എന്നിവയാണ് ഐഫോൺ 15 മോഡലുകളിലെ പുതുമകൾ.

watch

ഇന്ത്യയിലെ വില ഇങ്ങനെ

6.1 ഇഞ്ച് ഡിസ്പ്ലേയുള്ള ഐഫോൺ 15ന് ഇന്ത്യയിൽ 79,900 രൂപ മുതലാണ് വില. 6.7 ഇഞ്ച് ഡിസ്പ്ലേയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപ. ഐഫോൺ 15 പ്രോ (6.1 ഇഞ്ച്) 1.34 ലക്ഷം, ഐഫോൺ 15 പ്രോ മാക്സ് (6.7 ഇഞ്ച്) 1.59 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ വില. നാളെ വൈകിട്ട് 5.30 മുതൽ ഫോണുകൾ പ്രീ ഓർഡർ ചെയ്യാം. 22 മുതൽ കടകളിൽ ലഭിക്കും. പുതിയ ആപ്പിൾ വാച്ച് 22 മുതൽ ലഭിക്കും.

ഐഫോൺ 14ന് വില കുറച്ചു

ഐഫോൺ 15 മോഡലുകൾ അവതരിപ്പിച്ചതിനു പിന്നാലെ, കഴി‍ഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 14 ശ്രേണിയിലെ ഫോണുകൾക്ക് കമ്പനി ഇന്ത്യയിൽ 10,000 രൂപ വില കുറച്ചു. ഐഫോൺ 14ന് 69,900 രൂപയാണ് പുതിയ വില. ഐഫോൺ 14 പ്ലസിന് 79,900 രൂപ.

charger

യുഎസ്ബി– സി ഐഫോണിൽ ഇങ്ങനെ

യൂറോപ്പിൽ ഐഫോൺ വിൽക്കണമെങ്കിൽ യുഎസ്ബി–സി പോർട്ട് കൂടിയേ തീരൂ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി സ്വന്തം ലൈറ്റ്നിങ് പോർട്ടിനു പകരം പുതിയ മോഡലുകളിൽ യുഎസ്ബി–സി പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഐഫോൺ 15 മോഡലിൽ കമ്പനി തിരഞ്ഞെടുത്തിരിക്കുന്ന പഴയ മോഡൽ യുഎസ്ബി–സി പോർട്ടിന് 480 എംബിപിഎസ് വേഗത്തിലുള്ള ഡേറ്റ ട്രാൻസ്ഫർ മാത്രമേ സാധ്യമാകൂ. അതേസമയം, ഐഫോൺ 15 പ്രോ മോഡലുകളിൽ യുഎസ്ബി 3 പോർട്ട് ആണെന്നതിനാൽ 10 ജിബിപിഎസ് വേഗത്തിൽ ഡേറ്റ ട്രാൻസ്ഫർ സാധിക്കും. എന്നാൽ, ഐഫോൺ 15 പ്രോ മോഡലുകൾക്കൊപ്പം കമ്പനി നൽകുന്നത് യുഎസ്ബി 2 കേബിളാണ്. ഉയർന്ന വേഗം ലഭിക്കണമെങ്കിൽ യുഎസ്ബി 3 കേബിൾ വേറെ വാങ്ങേണ്ടി വരും.

Content Highlight: Apple launches new iPhone series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com