ADVERTISEMENT

റെക്കോർഡിൽനിന്നു റെക്കോർഡിലേക്ക്. അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള അതിവേഗ മുന്നേറ്റമാണ് ഓഹരി വിപണിയിൽ. വില സൂചികകളിലെ കുതിപ്പിൽനിന്നു നിക്ഷേപകരിലേക്കു പടരുന്ന ആവേശവും വിസ്മയകരമായിരിക്കുന്നു. ഇനിയും ഏറെ മുന്നേറാനാകുമെന്ന വിശ്വാസം വിപണിയിൽ വ്യാപകമാണെന്നതും ശ്രദ്ധേയം. മുന്നേറ്റം അസാധാരണമായതു പല കാരണങ്ങളാലുമാണ്: 11 വ്യാപാരദിനങ്ങളിൽ തുടർച്ചയായ ഉയർച്ച. ഇതു 16 വർഷത്തിനിടയിൽ ആദ്യം. വിദേശ ധനസ്ഥാപനങ്ങ (എഫ്ഐഐ) ളുടെ പിന്തുണയിലല്ലാതെ കൈവരിച്ച സർവകാല ഔന്നത്യം. ചില്ലറ നിക്ഷേപകരിൽനിന്നും മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര ധനസ്ഥാപനങ്ങളിൽനിന്നുമുള്ള അനുസ്യൂതമായ പിന്തുണ. ആഗോള വിപണികൾ ദുർബലമായി തുടർന്നപ്പോഴും ഇന്ത്യൻ വിപണിക്കു കൈവന്ന ഉജ്വല വിജയം.

വിപണിക്കു നാളെ അവധി

വാരാന്ത്യ ഇടവേളയ്ക്കു ശേഷം ഈ പശ്ചാത്തലത്തിലാണ് ഇന്നു വ്യാപാരം പുനരാരംഭിക്കുന്നത്. ഈ വ്യാപാരവാരം നാലു ദിവസത്തിലൊതുങ്ങുമെന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെ ആവേശത്തിന്റെ നീക്കിയിരിപ്പ് അതേ അളവിൽ അനുഭവപ്പെടുമോ എന്നു സംശയിക്കണം. ഗണേശ ചതുർഥി പ്രമാണിച്ചു നാളെ ഓഹരി വിപണിക്ക് അവധിയാണ്.

മുന്നേറ്റത്തിലും മടുപ്പിന്റെ ലക്ഷണങ്ങൾ

മുന്നേറ്റത്തിനുതന്നെയുള്ള ശക്തമായ സാഹചര്യമാണു നിലനിൽക്കുന്നതെങ്കിലും മടുപ്പിന്റെ ചില ലക്ഷണങ്ങളെങ്കിലും വില സൂചികകളിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. വിശ്രമമില്ലാത്ത മുന്നേറ്റമായിരുന്നതിനാൽ വില സൂചികകളിലെ മടുപ്പു സ്വാഭാവികമാണ്. ചില ഓഹരികളെങ്കിലും ന്യായമെന്നു കരുതാവുന്ന നിലവാരത്തിനപ്പുറത്തേക്ക് ഉയർന്നിട്ടുണ്ട്. അതിനു തിരുത്തൽ ആവശ്യമാണ്. അതാകട്ടെ ആകമാന തിരുത്തലായി മാറിക്കൂടായ്കയില്ല. വിപണി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ലാഭമെടുപ്പു വർധിക്കാനുള്ള സാധ്യതയുമുണ്ട്.

ഫെഡ് റിസർവും ക്രൂഡ് ഓയിലും

യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ദ്വിദിന യോഗം നാളെ ആരംഭിക്കുകയാണ്. നിരക്കുകളിൽ മാറ്റം പ്രഖ്യാപിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ഫെഡ് റിസർവ് ചെയർമാൻ ജറോം പവൽ നടത്തുന്ന പരാമർശങ്ങളുടെ സ്വരം വിപണിയുടെ ഗതിയെ സ്വാധീനിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ എന്നീ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈ ആഴ്ചയാണ്. യുഎസിലും ഇന്ത്യയിലും ഉൾപ്പെടെ മിക്ക രാജ്യങ്ങളിലെയും നിലവിലെ ഉയർന്ന തോതിലുള്ള വായ്പ നിരക്കുകൾ പടിയിറങ്ങാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുമെന്ന നിരീക്ഷണങ്ങളും ഓഹരിവില സൂചികകളുടെ മുന്നേറ്റത്തിന്റെ കരുത്തു ചോർത്തുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിലുണ്ടായേക്കാവുന്ന വർധന, യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിട്ടേക്കാവുന്ന മൂല്യശോഷണം തുടങ്ങിയവയും വിപണിയുടെ വികാരത്തെ ബാധിക്കും.

നിഫ്റ്റി 20,100 – 20,375 പരിധിയിലൊതുങ്ങാം

നിഫ്റ്റി 20,222.45 പോയിന്റ് വരെ ഉയരുകയുണ്ടായെങ്കിലും 20,192.35 നിലവാരത്തിലാണ് അവസാനിച്ചത്. 20,000 പോയിന്റിനു മുകളിൽ തുടരാൻ നിഫ്റ്റിക്കു കഴിയുന്നിടത്തോളം 20,480 – 20,500 നിലവാരത്തിലേക്കു മുന്നേറാനുള്ള ശ്രമം തുടരും. 20,100 വളരെ നിർണായകമായ നിലവാരമാണ്. 20,200 – 20,250 നിലവാരമാകട്ടെ പ്രതിരോധത്തിന്റേതായിരിക്കും. പ്രതിരോധം മറികടക്കാനായാലും 20,300 – 20,375 നിലവാരത്തിൽ വീണ്ടും മതിലുകൾ ഉയരും. എങ്കിലും അവയ്ക്കപ്പുറത്തേക്കു കടക്കാനുള്ള കരുത്തു ബാക്കിയുണ്ടെന്നു കരുതുന്നു.

എസ്ഐബിയുടെ ലാഭവീതം

സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നുള്ള 30% ലാഭവീതം ഓഹരി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്.

എക്സ് ഡേറ്റാകുന്ന ഓഹരികൾ

300% ലാഭവീതമുള്ള ജിഎൻഎഫ്സി ഓഹരികൾ ഇന്ന് എക്സ് ഡേറ്റാകും. എൻഎൽസി ഇന്ത്യ, മാസ്ടെക്, കണ്ടെയ്നർ കോർപറേഷൻ, ഗ്ലെൻമാർക് ഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ് എന്നിവയുടെ ഓഹരികളും ഇന്ന് എക്സ് ഡേറ്റ് വിഭാഗത്തിലേക്കു മാറും. മാസഗൺ ഡോക്, സെഞ്ചുറി പ്ലൈവുഡ്, റയിൽ വികാസ്, സെയ്ൽ, സൺടെക് റിയൽറ്റി എന്നിവയുടെ ഓഹരികൾ 20ന് എക്സ് ഡേറ്റാകും. കൊച്ചിൻ ഷ്പ്‌യാർഡ്, പതഞ്ജലി ഫുഡ്സ് ഓഹരികൾ 21നും ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ്, ഫിനോലക്സ് കേബിൾസ്, എച്ച്എഫ്സിഎൽ, ഹിന്ദുസ്ഥാൻ കോപ്പർ, ഡിക്സൺ ടെക്നോളജീസ് ഓഹരികൾ 22നും എക്സ് ഡേറ്റാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com