ADVERTISEMENT

മുംബൈ∙ തുടർച്ചയായ 11 ദിവസത്തെ റെക്കോർഡ് മുന്നേറ്റത്തിനൊടുവിൽ ഓഹരിവിപണിയിൽ ഇന്നലെ ഇടിവ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇന്നുതുടങ്ങുന്ന യോഗം പലിശ നിരക്കു സംബന്ധിച്ച് എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയും, ഉയരുന്ന ക്രൂഡ് ഓയിൽ വിലയും, രൂപയുടെ മൂല്യശോഷണവും വിപണിയിൽ പ്രതിഫലിച്ചു. മെറ്റൽ, ബാങ്കിങ്, ടെലികോം ഓഹരികളിൽ ലാഭമെടുപ്പ് കൂടുതലായിരുന്നു. 

സെൻസെക്സ് 241.79 പോയിന്റ് ഇടിഞ്ഞ് 67,596.84ലും, നിഫ്റ്റി 59.05 പോയിന്റ് കുറഞ്ഞ് 20,133.30ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, അൾട്രാടെക്ക്, ടാറ്റ സ്റ്റീൽ, വിപ്രോ, റിലയൻസ് ഇൻ‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. പവർഗ്രിഡ്, ടൈറ്റാൻ, മഹീന്ദ്ര, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കി. ആഗോള വിപണികളും ഇന്നലെ ദുർബലമായിരുന്നു. സോൾ, ഹോങ്കോങ് വിപണികളും  നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്പിലും വിപണിക്കു നിലതെറ്റി. അസംസ്കൃത എണ്ണവില 0.42 ശതമാനം ഉയർന്ന് ബാരലിന് 94.32 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 

രൂപ 83.70വരെ ഇടിഞ്ഞേക്കും

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. 16 പൈസ ഇടിഞ്ഞാണ് ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 83.32 ൽ എത്തിയത്.  തുടർച്ചയായ നാലാം ദിവസമാണ് രൂപ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.   അസംസ്കൃത എണ്ണ വില ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതുമാണ് രൂപയ്ക്ക് വെല്ലുവിളി. ആഭ്യന്തര ഓഹരിവിപണിയിൽ നഷ്ടം രേഖപ്പെടുത്തിയതും രൂപയ്ക്കു ക്ഷീണമായി. വിനിമയ വിപണിയിൽ 83.09 നിലവാരത്തിലാണ് രൂപ വ്യാപാരം തുടങ്ങിയത്. 

വെള്ളിയാഴ്ചയും 13 പൈസ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ച ഫെഡ് റിസർവ് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ പലിശ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നതിനാൽ രൂപയുടെ മൂല്യത്തിൽ കനത്ത ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. താമസിയാതെ രൂപയുടെ മൂല്യം 83.50–83.70 നിലവാരത്തിലേക്കു താഴാനുള്ള സാധ്യതയും നിലനിൽക്കുന്നു.

Content Highlight: Rupee falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com