ADVERTISEMENT

കൊച്ചി∙ കേരളത്തിലെ 85 ഐഒസി പമ്പുകളിൽ വിതരണം ചെയ്യുന്നത് 20% എഥനോൾ ചേർത്ത പെട്രോൾ. മറ്റു കമ്പനികളുടെ പമ്പുകൾ കൂടി ചേരുമ്പോൾ നൂറോളം പമ്പുകളിൽ കേരളത്തിൽ ഇ20 പെട്രോൾ വിൽക്കുന്നുണ്ട്. രണ്ടായിരത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. 2025ൽ രാജ്യത്ത് എല്ലായിടത്തും 20% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുകയെന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് മൂന്നുമാസം മുൻപ് കേരളത്തിലും ഇ20 പെട്രോൾ വിൽപന തുടങ്ങിയത്. എന്നാൽ, വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് പദ്ധതി കേന്ദ്രസർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതെന്ന വാദവും ശക്തമാകുകയാണ്.

പെട്രോളിൽ എഥനോൾ അളവ് പടിപടിയായി കൂട്ടുമ്പോഴും ഇപ്പോൾ നിരത്തിലുള്ള വാഹനങ്ങളിൽ ഭൂരിഭാഗത്തിനും എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ ക്ഷമതയുള്ള എൻജിനുകളില്ല എന്നതാണ് വാദത്തിനു ശക്തിപകരുന്നത്. 2025 മുതൽ വിപണിയിലിറക്കുന്നത് എഥനോൾ ചേർത്ത പെട്രോളിന് അനുയോജ്യമായ ഫ്ലെക്സ് എൻജിൻ വാഹനങ്ങളായിരിക്കണമെന്നാണു സർക്കാർ ഉത്തരവ്. 2023 മുതൽ വിപണിയിലിറങ്ങുന്ന വാഹനങ്ങളുടെ മെറ്റീരിയലുകൾ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിലുള്ളവയാണ്. എന്നാൽ പഴയ വാഹനങ്ങളെ ഇ20 എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ ശാസ്ത്രീയ പഠനം നടത്തുന്നതേയുള്ളൂ. 5% എഥനോൾ ചേർന്ന പെട്രോൾ മിക്കവാറും പെട്രോൾ എൻജിനുകളിൽ പ്രശ്നമുണ്ടാക്കാറില്ല. എന്നാൽ പത്തോ അതിനു മുകളിലേക്കോ പോകുമ്പോൾ എൻജിനുകൾക്കു പ്രശ്നം സംഭവിക്കാമെന്ന് ഓട്ടമൊബീൽ വിദഗ്ധർ പറയുന്നു. നിലവിൽ കേരളത്തിൽ വ്യാപകമായി ഇ12 പെട്രോളാണ് വിൽക്കുന്നത്.

എഥനോളിന്റെ അളവ് കൂടുന്നത് പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാനും ഇന്ധന പമ്പുകൾ, ഹോസുകൾ, ഇൻജെക്ടറുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കാനും ഇടയാക്കും. എന്നാൽ ഇ20 ഉപയോഗിക്കണമെങ്കിൽ എൻജിനിലും മറ്റുഘടകങ്ങളിലും പരിഷ്കാരങ്ങൾ വേണ്ടിവരും. ഇരുചക്ര വാഹനങ്ങളെയാണ് ഇതു കൂടുതലായി ബാധിക്കുകയെന്ന് വിദഗ്ധർ പറയുന്നു. കാർബറേറ്ററിന് അകത്ത് ചോർച്ചയുണ്ടാകാനും റബർ സീലുകൾ പൊട്ടിപ്പോകാനും വാഹനത്തിനു തകരാർ സംഭവിക്കാനും സാധ്യതയുണ്ട്. വളരെ പെട്ടെന്നല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങൾ വരുമെന്നും വിദഗ്ധർ പറയുന്നു.

‘ഏഷ്യൻ അംബ്രോസിയ’ എന്ന വണ്ടുകൾ വാഹനത്തിന്റെ റബർ പൈപ്പുകൾ തുരക്കുന്ന സംഭവങ്ങൾ ആലപ്പുഴ, കണ്ണൂർ, വയനാട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്രോളിലെ എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും വിശദമായ പഠനം ഇതുവരെയുണ്ടായിട്ടില്ല.

Content Highlight: About 100 petrol stations sell E20 petrol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com