ADVERTISEMENT

കൊച്ചി∙ യൂറോപ്പിലേക്ക് ഇന്ത്യൻ ചരക്കു കപ്പലിന്റെ യാത്രാ സമയം 40% കുറയ്ക്കാം, സൂയസ് കനാൽ ഒഴിവാക്കി യൂറോപ്പിലെത്താം. വാണിജ്യത്തിൽ ചൈനയ്ക്ക് ബദലാകാം. ഇസ്രയേലിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖമാണ് അതിലെ കേന്ദ്ര ബിന്ദു!അതിനുള്ള പദ്ധതിയായ ഇന്ത്യ–മിഡിൽ ഈസ്റ്റ് ഇക്കണോമിക് കൊറിഡോർ (ഐഎംഇസി) യാഥാർഥ്യമാവുമ്പോൾ ലോക സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ വിപ്ലവകരമായ മാറ്റം വരുമെന്ന് ഇസ്രയേലി വിദേശകാര്യ മന്ത്രി എലി കോഹൻ പറയുന്നു. ജി20 സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ദ് വീക്ക് വാരികയുടെ ഈ ലക്കത്തിലാണ് എലി കോഹനുമായുള്ള അഭിമുഖവും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ളത്. ഇസ്രയേലും ഇന്ത്യയും മാത്രമല്ല യുഎഇയും സൗദി അറേബ്യയും ജോർദാനും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംയുക്ത പദ്ധതിയാണിത്. വിഴിഞ്ഞത്തു നിന്നുൾപ്പെടെ ഇന്ത്യൻ ചരക്കു കപ്പലുകൾക്ക് യൂറോപ്യൻ തുറമുഖങ്ങളിൽ 10 ദിവസത്തിനകം എത്താനാകും.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും യുഎഇയും തമ്മിൽ ഒപ്പുവച്ച ഏബ്രഹാമിക് ഉടമ്പടിയാണ് ഇതിനെല്ലാം വഴി തുറക്കുന്നത്. അതോടെ യുഎഇയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധങ്ങളും വാണിജ്യവും ടൂറിസവുമായി. പിന്നീട് മൊറോക്കോയും ബഹ്റൈനും ഉടമ്പടിയിൽ ചേർന്നു. ഇസ്രയേലുമായി സൗദി നയതന്ത്രബന്ധം ആരംഭിക്കാൻ പോകുന്നു. ഇതാണ് റെയിൽ നെറ്റ്‌വർക്കിന് ആശയമായത്. ഇന്ത്യയിൽ നിന്ന് കണ്ടെയ്നർ കപ്പലുകളിൽ യുഎഇ തുറമുഖത്ത് എത്തിക്കുന്ന ചരക്ക് റെയിൽമാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കും. അവിടെ നിന്ന് വീണ്ടും കപ്പലിൽ യൂറോപ്പിലേക്ക്. തിരിച്ചും ഇതേ റൂട്ടിലൂടെ ചരക്ക് എത്തുന്നു.– ഇതാണ് പദ്ധതി.

അദാനി പോർട്ടും ഇസ്രയേലി കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പായ ഗാദോത്തും ചേർന്നുള്ള സംയുക്ത സംരംഭമാണിത്. നിലവിൽ ഇന്ത്യൻ–ഇസ്രയേൽ പതാകകളുടെ തണലിലാണ് ഹൈഫയിലെ ചരക്കുനീക്കം.റയിൽവേ ശൃംഖലയിൽ അമേരിക്ക നിക്ഷേപം നടത്തും. ഇസ്രയേൽ 2100 കോടി ചെലവിടുന്നുണ്ട്. യൂറോപ്പിൽ ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പദ്ധതിയുടെ പങ്കാളികളാണ്. ഗൾഫുമായി ബന്ധപ്പെട്ടതിനാൽ മലയാളികൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ തുറക്കും.

ഹൈഫ തുറമുഖം

∙ വർഷം 3 കോടി ടൺ കാർഗോ കൈകാര്യം ചെയ്യുന്നു.
∙ ഇസ്രയേലിന്റെ ആകെ ചരക്ക് ഗതാഗതത്തിന്റെ പാതി.
∙ ഈസ്റ്റേൺ, കെമിക്കൽ, കാർമൽ എന്നിങ്ങനെ മൂന്നു ടെർമിനലുകൾ.
∙ ക്രൂസ് കപ്പലുകൾക്ക് വേറെ ടെർമിനൽ.

Content Highlight: Haifa Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com