ADVERTISEMENT

ഓഹരി വിപണിയെ നമ്മുടെ ഉറ്റ സുഹൃത്താക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് വിപണിയുടെ ഗതി അഥവാ ട്രെൻഡ് മനസ്സിലാക്കി അതിനെ പിന്തുടരുകയെന്നത്. വിപണിയുടെ ഗതിയെ പിന്തുടരാനുള്ള നൈപുണി സ്വായത്തമാക്കുന്നത്, നിധിയുടെ ഒരു വലിയ നിലവറ കണ്ടെത്തുന്നതിന് തുല്യമാണെന്നു തന്നെ പറയാം. ഓഹരി വിപണിയിൽ സജീവമായി നിക്ഷേപം നടത്തുന്നവരിൽ 99 ശതമാനത്തിൽ അധികം വ്യക്തിഗത നിക്ഷേപകരും ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാൾ കുറഞ്ഞ ആദായം മാത്രമാണു നേടുന്നതെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സ്ഥാപകനായ നിതിൻ കാമത്ത് അഭിപ്രായപ്പെടുന്നത്. 

63 ലക്ഷത്തിൽ പരം ഡിമാറ്റ് അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നതെന്നോർക്കണം. ഹ്രസ്വകാലയളവിൽ (Short term) വിപണിയുടെ ഗതിക്കു വിരുദ്ധമായി നിക്ഷേപം നടത്തുന്നതുകൊണ്ടാണ് മേൽ സൂചിപ്പിച്ച തരത്തിലുള്ള ദുരന്തങ്ങൾ എപ്പോഴും സംഭവിക്കുന്നത്. ഓഹരി വിപണിയിലെ സാധാരണ ചെറുകിട നിക്ഷേപകർ എങ്ങനെയാണ് വിപണിയുടെ ഗതി മനസ്സിലാക്കി യുക്തിസഹമായി (Rational) നിക്ഷേപം നടത്തേണ്ടതെന്നു പരിശോധിക്കാം.

ഹ്രസ്വകാല നിക്ഷേപ തീരുമാനം

നിഫ്റ്റി സൂചികയിൽ ഏകദേശം 14 വിവിധ തീമാറ്റിക് സെക്ടറുകൾ ഉണ്ട്. ഫിനാൻഷ്യൽ സർവീസ്- 36%, ഐടി– 14%, ഓയിൽ ആൻഡ് ഗ്യാസ്– 11.5% എന്നിങ്ങനെ പോകുന്നു നിഫ്റ്റിയിൽ വിവിധ സെക്ടറുകളുടെ അനുപാതം. ഉദാഹരണത്തിന് മാരുതി സുസുക്കി ഓട്ടോ സെക്ടറിലെ ലീഡറാണ്. 

നിഫ്റ്റി സൂചിക കഴിഞ്ഞ മൂന്നുമാസംകൊണ്ട് 5% ആദായം നൽകിയപ്പോൾ ഓട്ടോ സൂചിക 10 ശതമാനവും മാരുതി സുസുക്കി 12ശതമാനവും ആദായം ഇക്കാലയളവിൽ നൽകിയിട്ടുണ്ട്. അതായത് കുറഞ്ഞത് അടുത്ത 3 മാസത്തേക്കെങ്കിലും നിക്ഷേപിക്കാൻ കഴിയുന്ന മികച്ച മേഖലകളിലൊന്ന് ഓട്ടോ ആണെന്നും അതിലെ മികച്ച ഓഹരികളിലൊന്ന് മാരുതി സുസുക്കി ആണെന്നും നിഗമനം നടത്താവുന്നതാണ്. ഓട്ടോ സെക്ടറും അതിലെ ഒരു ഓഹരിയായ മാരുതി സുസുക്കിയും മാർക്കറ്റ് സൂചികയായ നിഫ്റ്റിയെ കാതങ്ങൾ പിന്നിലാക്കി മുന്നേറുകയാണ്. ഓട്ടോ സെക്ടറിലെ ഇതേ സ്വഭാവമുള്ള മറ്റ് ഓഹരികളെയും യുക്തിസഹ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. മറ്റൊരു സെക്ടറായ പബ്ലിക് സെക്ടർ എന്റർപ്രൈസസ് (PSE) നോക്കിയാൽ കഴിഞ്ഞ 3 മാസം കൊണ്ട് 16.69% ആദായമാണ് നൽകിയത്. നിഫ്റ്റിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മുന്നേറുന്ന ഈ സെക്ടറിലെ സ്റ്റോക്കുകൾ മികച്ച നിക്ഷേപ അവസരമാണ് തുറന്നിടുന്നത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് 25% ആദായം നൽകിയ കോൾ ഇന്ത്യ ലിമിറ്റഡ് പോലുള്ള ഓഹരികൾ ഈ മേഖലയിലെ ഉദാഹരണമാണ്.

യുക്തി സഹമായ നിക്ഷേപ രീതിശാസ്ത്രം

നിക്ഷേപത്തിന് അനുയോജ്യമായ ഓഹരികൾ കണ്ടെത്തിയാൽ എങ്ങനെയാണ് യുക്തിസഹമായ നിക്ഷേപ തീരുമാനം എടുക്കേണ്ടതെന്നതു വളരെ പ്രധാനമാണ്. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ ഹ്രസ്വകാലമെന്ന് പറഞ്ഞാൽ ഒ1–3 മാസം കാലഘട്ടമാണെന്ന് പൊതുവേ പറയാം. അതായത്; അടുത്ത 3 മാസത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഓഹരികൾ എങ്ങനെ കണ്ടെത്താമെന്നാണ് നാം ഇവിടെ പരിഗണിക്കേണ്ടത്. 

ഇന്ത്യയിലെ ഓഹരി വിപണിയിലെ ഏറ്റവും വലിയ സൂചികകൾ നിഫ്റ്റിയും സെൻസെക്സും ആണല്ലോ. അതിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ നിർമിച്ചിരിക്കുന്ന സൂചിക നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി ആണെന്നു പറയാം. അതിനാൽ, ഓഹരി വിപണിയുടെ ഗതി എന്നാൽ നിഫ്റ്റിയുടെ സഞ്ചാര ഗതിയാണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഓഹരികൾ കൊണ്ടാണ് നിഫ്റ്റി സൂചിക നിർമിച്ചിരിക്കുന്നത്. നിഫ്റ്റിയിലെ സ്റ്റോക്കുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോൾ വിലവ്യതിയാനം, നഷ്ട സാധ്യത, തുടങ്ങിയ ഘടകങ്ങൾ മറ്റു സൂചികകളിലെ ഓഹരികളെ അപേക്ഷിച്ച് പൊതുവേ കുറവായിരിക്കും.

അടുത്തതായി ചെയ്യേണ്ടത്, നിഫ്റ്റി സൂചികയിലെ ഏതൊക്കെ തീമിലുള്ള സെക്ടറുകളാണ് കഴിഞ്ഞ 3 മാസത്തിൽ നിഫ്റ്റിയെക്കാൾ കൂടുതൽ ആദായം നൽകിയത് എന്ന കണ്ടെത്തലാണ്.അതിനുശേഷം, തിരഞ്ഞെടുത്ത തീമാറ്റിക് സൂചികകളെക്കാൾ നേട്ടമുണ്ടാക്കിയ ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ 50 ശതമാനത്തിൽ കൂടുതൽ ആദായം നൽകിയ ഓഹരികൾ ഒഴിവാക്കുന്നത് നഷ്ട സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഓഹരിയിൽ വിദഗ്ധരായിട്ടുള്ളവർ അപ്രകാരം ചെയ്യണമെന്നില്ല. തുടക്കക്കാർ മേൽ സൂചിപ്പിച്ച കാര്യം നിർബന്ധമായും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഒരു പ്രത്യേക ഓഹരിയിലോ സെക്ടറിലോ മാത്രമായി നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. കുറഞ്ഞത് 8 മുതൽ 15 വരെയുള്ള ഓഹരികളിൽ വൈവിധ്യവൽക്കരണം നടത്തി നിക്ഷേപിക്കാനുള്ള രീതിശാസ്ത്രം വികസിപ്പിക്കാൻ ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ, ഹ്രസ്വ കാലത്തേക്ക് ഓഹരി വിപണിയുടെ ഗതി മനസ്സിലാക്കി മികച്ച നിക്ഷേപകരായി മാറാൻ സാധിക്കും. അങ്ങനെയാകുമ്പോൾ ഓഹരി വിപണി നിങ്ങൾക്കുള്ളതാണെന്ന് ഉറപ്പിക്കാം.

(ശ്രദ്ധിക്കുക– ഹ്രസ്വകാലയളവിൽ ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടത്തിന് വിധേയമാകാൻ സാധ്യതയുണ്ട്. ഇവിടെ നൽകിയിരിക്കുന്ന നിഗമനങ്ങൾ ഓഹരി നിക്ഷേപത്തിനുള്ള ശുപാർശയല്ല, അറിവ് നിർമാണത്തിലേക്കുള്ള മാർഗനിർദേശങ്ങൾ മാത്രമാണ്)

Content Highlight: Stock Market Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com