രുചിയുള്ള വ്യവസായം; ആഗോള കോഫി സമ്മേളനത്തിന് തുടക്കം

Mail This Article
ബെംഗളൂരു ∙ രുചി പകരുന്ന കാപ്പി കോടികളുടെ വിദേശനാണ്യം ഉറപ്പാക്കുന്ന വ്യവസായമാണെന്നു പ്രഖ്യാപിച്ച് ബെംഗളൂരു പാലസിൽ 4 ദിവസത്തെ ആഗോള കോഫി സമ്മേളനത്തിനു തുടക്കമായി. കഫീൻ രഹിത ചക്കക്കുരു കാപ്പി, ഇടുക്കി കാന്തല്ലൂർ ആദിവാസി മേഖലയിലെ കീഴാന്തൂർ കാപ്പി, പസിഫിക് മേഖലയായ പാപ്പുവ ന്യൂ ഗിനിയയിലെ അറബിക്ക, വയനാടിന്റെ റോബസ്റ്റ, കാപ്പിക്കുരുവിന്റെ തൊണ്ടിൽ നിന്നുള്ള സൗന്ദര്യവർധക ഓയിൽ തുടങ്ങി 80 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കും. പശ്ചിമഘട്ട മലനിരകളിലെ കാപ്പിക്കൃഷി മേഖലകളെ അടുത്തറിയാനുള്ള മ്യൂസിയം, വീടുകളിൽ കാപ്പിക്കുരു പൊടിക്കാൻ സഹായിക്കുന്ന ഇൻസ്റ്റന്റ് യന്ത്രങ്ങൾ, കാപ്പിയുടെ ഗുണവും രുചിയും തിരിച്ചറിയാൻ കഴിയുന്ന ടേസ്റ്റിങ് റോസ്റ്റുകൾ തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോഫി ടേസ്റ്റർമാർ കാപ്പിരുചിക്കുന്ന മത്സരമാണ് മറ്റൊരു പ്രത്യേകത.
ഏഷ്യയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ നിർവഹിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ കോഫി ബോർഡിനു പുറമേ കർണാടക സർക്കാർ, ഇന്റർനാഷനൽ കോഫി ഓർഗനൈസേഷൻ (ഐസിഒ), എന്നിവരുടെ നേതൃത്വത്തിലുള്ള സമ്മേളനം 28ന് സമാപിക്കും.