ഡിമാൻഡ് ഇടിവ്: വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നു

Mail This Article
പ്രകൃതിദത്ത വജ്രത്തിന്റെ ഇറക്കുമതി രണ്ടു മാസത്തേക്ക് നിർത്തിവച്ച് രാജ്യത്തെ ജ്വല്ലറി, രത്ന വ്യവസായ മേഖല. മേഖലയിലെ എല്ലാ സംഘടനകളും ചേർന്നാണ് ഇറക്കുമതി നിർത്താനുള്ള തീരുമാനമെടുത്തത്. ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെയാണ് ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ പോളിഷ്ഡ് അല്ലാത്ത വജ്രങ്ങളുടെ ഇറക്കുമതി നിർത്തുന്നത്. കഴിഞ്ഞ ജനുവരി–ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ വജ്രാഭരണ കയറ്റുമതിയിൽ 25% ഇടിവു നേരിട്ടിരുന്നു. രാജ്യത്തെ വജ്രവ്യവസായത്തിന്റെ ചരിത്രത്തിൽ നാലാംതവണയാണ് ഇറക്കുമതി നിർത്തിവയ്ക്കുന്നത്. 1991 ൽ ഇറാഖ് യുദ്ധത്തിനുശേഷം, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എന്നീ സാഹചര്യങ്ങളിലായിരുന്നു ഇതിനു മുൻപ് ഇറക്കുമതി നിർത്തിയത്.
വിപണിയിൽ എങ്ങനെ?
പുറത്തുനിന്നുള്ള പ്രകൃതിദത്ത വജ്രത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് ലാബ്ഗ്രോൺ ഡയമണ്ടിനു ഗുണകരമാകും. ലാബിൽ വികസിപ്പിക്കുന്ന വജ്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.