ADVERTISEMENT

കൊച്ചി ∙ കടുത്ത എതിർപ്പുകളുടെയും പദ്ധതി സ്തംഭനത്തിന്റെയും ഒന്നര പതിറ്റാണ്ടു കാലം പിന്നിട്ട്, കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ യാഥാർഥ്യമാകുന്നു. 700 കോടിയിലേറെ രൂപ ചെലവിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) സ്ഥാപിക്കുന്ന ടെർമിനൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞു; നടക്കുന്നത് അവസാന ഘട്ട പരിശോധനകൾ. പരീക്ഷണാർഥം ആദ്യ എൽപിജി കപ്പൽ ഇന്നു രാത്രി ടെർമിനൽ ജെട്ടിയിൽ എത്തുമെന്നാണു വിവരം. പുതുവൈപ്പിൽ ടെർമിനൽ സജ്ജമാകുന്നതോടെ കേരളത്തിൽ എൽപിജി ലഭ്യത എളുപ്പമാകും.

2007ൽ അനുമതി ലഭിച്ച പദ്ധതി 2012ൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പല കാരണങ്ങളാലും വൈകുകയായിരുന്നു.എൽപിജിയുമായി എത്തുന്ന കപ്പലുകൾ അടുക്കുന്നതിനുള്ള ജെട്ടി 270 കോടി രൂപ ചെലവിട്ടു 2018ൽ തന്നെ പൂർത്തിയാക്കിയിരുന്നു. വാതക സംഭരണ ടാങ്കുകളുടെ നിർമാണം ആരംഭിച്ചതിനു ശേഷമാണു പ്രാദേശികമായി കടുത്ത എതിർപ്പും സംഘർഷവുമുണ്ടായത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം 2017 ഫെബ്രുവരിയിൽ ടെർമിനൽ നിർമാണം നിർത്തിവച്ചു. 2 വർഷത്തിലേറെ നിർമാണം സ്തംഭിച്ചെങ്കിലും പിന്നീടു ജീവൻ വച്ചു. പദ്ധതി കേരളത്തിനു നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയിൽ നിന്നാണു വിജയകരമായി പൂർത്തിയാക്കുന്നത്.

രാജ്യത്ത് എൽപിജി ഉൽപാദനം ചെലവേറിയതായതിനാൽ ഇറക്കുമതിയാണു ലാഭകരം. രാജ്യത്തെ പാചകവാതക ഉപയോഗമാകട്ടെ, അനുദിനം വർധിക്കുകയാണ്. കേരളത്തിൽ മാത്രം 10 ലക്ഷം ടണ്ണിലേറെയാണു വാർഷിക ഉപയോഗം. നിലവിൽ, മംഗളൂരുവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഇറക്കുമതി ടെർമിനലിൽ നിന്നാണു കേരളത്തിലെ വിവിധ എൽപിജി ബോട്ടിലിങ് പ്ലാന്റുകളിലേക്കു റോഡ് മാർഗം വാതകം എത്തുന്നത്. പുതുവൈപ്പിൽ ടെർമിനൽ വരുന്നതോടെ മംഗളൂരുവിൽ നിന്നു വാതകവുമായി എത്തുന്ന വമ്പൻ ബുള്ളറ്റ് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാകും. അതു വഴിയുള്ള അപകടങ്ങളും അന്തരീക്ഷ മലിനീകരണവും ഇല്ലാതാകും. എൽപിജി നീക്കത്തിനായി പ്രതിവർഷം 500 കോടിയിലേറെ രൂപയാണു ബുള്ളറ്റ് ടാങ്കർ ലോറികൾക്കായി ചെലവിടുന്നത്. ആ തുകയും കമ്പനികൾക്കു ലാഭിക്കാനാകും.

Content Highlight: Puthuvype LPG Terminal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com