ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. ഇന്നലെ ഉച്ചയോടെ എത്തിയ കപ്പൽ ഏഴു ദിവസം മുന്ദ്രയിലുണ്ടാകും. മുന്ദ്ര തുറമുഖത്തേക്കുള്ള നാലു ക്രെയിനുകൾ ഇറക്കിവയ്ക്കുന്നതിനാണ് ഏഴു ദിവസമെടുക്കുക. തുടർന്ന് 11നോ, 12നോ വിഴിഞ്ഞത്തിനു സമീപമെത്തും. 15നാണു സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്ത് അടുക്കുക. വിഴിഞ്ഞത്ത് ഇറക്കേണ്ടതു മൂന്നു ക്രെയിനുകളാണ്.

ആദ്യത്തെ ചരക്കുകപ്പൽ എത്തുന്നതിനൊപ്പം ചൈനീസ് വിദഗ്ധരുടെ സംഘവുമെത്തും. കപ്പലിൽ എത്തിക്കുന്ന ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനാണ് അൻപതംഗ സംഘം എത്തുന്നത്. ആറുമാസത്തോളം ഇവർ തുറമുഖത്തുണ്ടാകും. ആദ്യഘട്ടത്തിൽ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതും ഇവരാകും. ലോകത്തിലെ ഏറ്റവും വലിയ ക്രെയിൻ നിർമാണക്കമ്പനികളിൽ ഒന്നായ ഷാങ്‌ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽനിന്നാണു ക്രെയിനുകൾ വാങ്ങുന്നത്. സെഡ്പിഎംസി എന്ന പേരിലറിയപ്പെടുന്ന കമ്പനിയാണു, ലോകത്തെ കണ്ടെയ്നർ ക്രെയിൻ വിപണിയിൽ 75 ശതമാനം കയ്യടിക്കിയിരിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു കമ്പനി. 

ഇവരുടെ ക്രെയിനുകൾ സ്ഥാപിക്കാനുള്ള വൈദഗ്ധ്യം ഈ കമ്പനിയിലെ ജീവനക്കാർക്കാണുള്ളത്. ആദ്യത്തെ കപ്പലിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും രണ്ടു യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ നാലു കപ്പലുകൾ കൂടി പിന്നീട് ചൈനയിൽനിന്നെത്തും. മുഴുവൻ ക്രെയിനുകളും സ്ഥാപിച്ചു കഴിഞ്ഞശേഷമേ ചൈനീസ് സംഘം മടങ്ങുകയുള്ളൂ.

നിർമാണം പൂർത്തിയായ പുതുവൈപ്പിലെ എൽപിജി ടെർമിനലിൽ എത്തിയ കപ്പൽ.

കൊച്ചി ∙ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) നിർമാണം പൂർത്തിയാക്കിയ എൽപിജി ഇറക്കുമതി ടെർമിനലിലേക്കു പാചക വാതകവുമായി (എൽപിജി) എത്തിയ ആദ്യ കപ്പൽ ‘ചെഷയർ’ ഇന്നലെ വൈകിട്ട് 3.30 ന് ജെട്ടിയിൽ അടുപ്പിച്ചു. എൽപിജിയുടെ ഘടകങ്ങളായ ബ്യൂട്ടെയ്ൻ, പ്രൊപ്പെയ്ൻ വാതകങ്ങളുമായി എത്തിയ എൽപിജി കാരിയർ ഒക്ടോബർ മൂന്നിനു മടങ്ങുമെന്നാണു സൂചന. ടെർമിനലിൽ വാതകം ആദ്യമായി എത്തുന്നതിനാലാണു നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നത്. ടെർമിനൽ പൂർണ സജ്ജമായെങ്കിലും ഇതു സംബന്ധിച്ച് ഐഒസി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പദ്ധതിയുടെ കമ്മിഷനിങ് ഏറെ വൈകാതെ നടക്കുമെന്നാണു സൂചന.

English Summary: First cargo ship for Vizhinjam international port arrives at Mundra port in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com