ADVERTISEMENT

സൂയസ് കനാൽ ഒഴിവാക്കി ഇന്ത്യൻ ചരക്കുകപ്പലുകൾ യൂറോപ്പിലെത്താൻ വഴിയൊരുക്കുന്ന ഇസ്രയേലിലെ, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹൈഫ പോർട്ട് ലോകത്തിന്റെ തന്നെ വാണിജ്യകേന്ദ്രമാകാൻ ഒരുങ്ങുകയാണ്. തുറമുഖം ഉൾപ്പെടുന്ന ഇന്ത്യ - മിഡിൽ ഈസ്റ്റ് ഇക്കണോമിക് കോറിഡോർ പ്രഖ്യാപിച്ചത് കഴിഞ്ഞ ജി 20 സമ്മേളനത്തിലാണ്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും യുഎഇയും തമ്മിൽ ഒപ്പുവച്ച ഏബ്രഹാമിക് ഉടമ്പടിയാണ് ഇതിനെല്ലാം വഴി തുറക്കുന്നത്. പദ്ധതി യാഥാർഥ്യമാകുമ്പോൾ ലോകസമ്പദ്‌വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇസ്രയേലി വിദേശകാര്യ മന്ത്രി എലി കോഹൻ പറയുന്നു. ‘ദ് വീക്ക്’ ലേഖിക നമ്രത ബിജി അഹുജ, എലി കോഹനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

∙ ഇന്ത്യ നിക്ഷേപം നടത്തുന്ന ഹൈഫ പോർട്ടിനെയും അതുവഴി കൂടുതൽ ദൃഢമാകുന്ന ഇസ്രയേൽ - മിഡിൽ ഈസ്റ്റ് ബന്ധത്തെയും എങ്ങനെ കാണുന്നു?

ഹൈഫ പോർട്ടിനെ രാജ്യത്തിന്റെ ഒരു തന്ത്രപ്രധാന സ്വത്തായാണ് ഇസ്രയേൽ കാണുന്നത്. ഒരു ഇന്ത്യൻ കമ്പനി ഏറ്റെടുത്തു നടത്തുന്ന പദ്ധതി രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ വ്യവസായ ബന്ധത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാകുന്നു. മേഖലകൾ തമ്മിലുള്ള കണക്ടിവിറ്റിയും അതു തുറക്കുന്ന അനന്തമായ വ്യാപാര സാധ്യതയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതു പോലുള്ള കൂടുതൽ സഹകരണവും പങ്കാളിത്തവും മുന്നോട്ടും പ്രതീക്ഷിക്കുന്നുണ്ട്.

∙ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകൾ യാഥാർഥ്യമാകുന്നു. ഇതിന്റെ ഭാവി എങ്ങനെ നോക്കിക്കാണുന്നു?

അമേരിക്കയുടെ മധ്യസ്ഥതയിൽ വന്ന ഏബ്രഹാം ഉടമ്പടി ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കാനുള്ള ഉപകരണമായി. ഊർജം, സുസ്ഥിര വികസനം, ടൂറിസം, സുരക്ഷ തുടങ്ങി ഒട്ടേറെ മേഖലകളിലെ സഹകരണത്തിനുള്ള വാതിലുകൾ തുറന്നിട്ടു. കൂടുതൽ ആഴത്തിലുള്ള ബന്ധവും കരാറുകളും വ്യവസായ സഹകരണവും ഭാവിയിലുണ്ടാകും.

∙ ഉഭയകക്ഷി വ്യാപാരക്കരാറുകൾ വർധിച്ചെങ്കിലും ഇതുവരെയും സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്തിയിട്ടില്ല. എന്തൊക്കെയാണ് വെല്ലുവിളികൾ?

ഇരു രാജ്യങ്ങളുമായുള്ള വ്യാപാര സാധ്യതകൾ അനന്തമാണ്. ഇതു കൂടുതൽ ശക്തമാക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള നീക്കങ്ങളുണ്ട്. ഉഭയകക്ഷി ബന്ധങ്ങൾ മനസ്സിൽ വച്ചു തന്നെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകും.

∙ പ്രധാനമന്ത്രിമാരുടെ സൗഹൃദത്തെ എങ്ങനെ വീക്ഷിക്കുന്നു? ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം പ്രതീക്ഷിക്കാമോ?

2017ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ചരിത്രപരമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ആ ബീച്ച് ഫോട്ടോ രാജ്യങ്ങളും പ്രധാനമന്ത്രിമാരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നതല്ലേ. വൈകാതെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം പ്രതീക്ഷിക്കാം. നെതന്യാഹുവിനു മോദിയുമായുള്ള അടുപ്പം ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ബന്ധവും സഹകരണവും പങ്കാളിത്തവുമുണ്ടാകാൻ കാരണമാകുമെന്ന് വിശ്വസിക്കുന്നു. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അജൻഡയും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയെന്നതാണ്.

∙ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ചരിത്രപരമായ കരാറുകൾക്കു പിന്നിലെ നാഴികക്കല്ല് എന്തായിരുന്നു?

ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഇസ്രയേൽ പങ്കാളിയായതാണ് നിർണായകമായത്. നിർമാണ മേഖലയിൽ ഇസ്രയേലിന്റെ സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൃഷി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങി ഒട്ടേറെ മേഖലകളിലേക്കു കൂടി സഹകരണം വ്യാപിപ്പിക്കും. പരസ്പര സഹകരണം കൊണ്ട് രണ്ടു രാജ്യങ്ങൾക്കും ഇനിയും നേടാനേറെയുണ്ട്.

ഹൈഫയിലെ ഇന്ത്യൻ തുറമുഖവും
ഇന്ത്യ–മിഡിൽ ഈസ്റ്റ് ഇക്കണോമിക് കോറിഡോറും

യൂറോപ്പിലേക്ക് ഇന്ത്യൻ ചരക്ക് കപ്പലിന്റെ യാത്രാ സമയം 40% കുറയ്ക്കാമെന്നതാണ് ഹൈഫ പോർട്ടിന്റെ ഏറ്റവും വലിയ മെച്ചം. വാണിജ്യത്തിൽ ചൈനയ്ക്ക് ബദലാകാം. അതിനുള്ള പദ്ധതിയാണ് ഇന്ത്യ–മിഡിൽ ഈസ്റ്റ് ഇക്കണോമിക് കോറിഡോർ (ഐഎംഇസി).

ഇസ്രയേലും ഇന്ത്യയും മാത്രമല്ല യുഎഇയും സൗദി അറേബ്യയും ജോർദാനും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംയുക്ത പദ്ധതിയാണിത്. സൂയസ് കനാൽ ഒഴിവാക്കി കടൽ മാർഗവും റയിൽമാർഗവും യൂറോപ്പിലെത്താം. വിഴിഞ്ഞത്തു നിന്നുൾപ്പെടെ ഇന്ത്യൻ ചരക്കു കപ്പലുകൾക്ക് യൂറോപ്യൻ തുറമുഖങ്ങളിൽ 10 ദിവസത്തിനകം എത്താനാകും.യുഎഇയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധങ്ങളും വാണിജ്യവും കൂടുതൽ ശക്തിപ്പെടും. മൊറോക്കോയും ബഹ്റൈനും ഏബ്രഹാം ഉടമ്പടിയിൽ ചേർന്നിട്ടുണ്ട്.

ഇസ്രയേലുമായി സൗദി നയതന്ത്രബന്ധം ആരംഭിക്കാൻ പോകുന്നു. ഇതാണ് റെയിൽ നെറ്റ്‌വർക്കിന് ആശയമായത്. ഇന്ത്യയിൽ നിന്ന് കണ്ടെയ്നർ കപ്പലുകളിൽ യുഎഇ തുറമുഖത്ത് എത്തിക്കുന്ന ചരക്ക്, റെയിൽമാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കുമെത്തും. അവിടെ നിന്ന് വീണ്ടും കപ്പലിൽ യൂറോപ്പിലേക്ക്. തിരിച്ചും ഇതേ റൂട്ടിലൂടെ ചരക്ക് എത്തുന്നു– ഇതാണ് പദ്ധതി. ഇസ്രയേൽ സർക്കാരിന്റെ ടെൻഡറിൽ പങ്കെടുത്ത് ഹൈഫ തുറമുഖം 120 കോടി ഡോളറിന് അദാനി പോർട്ട് 2022ൽ ഏറ്റെടുത്തതോടെ പദ്ധതിയുടെ ആദ്യഘട്ടമായി.

Content Highlight: Interview with Israel foreign minister Eli Cohen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com