ADVERTISEMENT

ബാങ്കിന്റെ ബ്രാഞ്ചിൽ കയറി ചെന്നതേ ആർക്കും അത്ര പിടിക്കാത്തതു പോലെ. മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇല്ല എന്നു വ്യംഗ്യം.

അഥവാ നോട്ടുകൾ വേണമെങ്കിലോ? എടിഎമ്മിൽ പൊയ്ക്കൂടേ എന്ന നോട്ടത്തിനൊപ്പം കുറച്ചു നോട്ടുകളും കിട്ടിയേക്കും. പ്രസിൽ നിന്നു ചുട്ടെടുത്ത പോലുള്ള പിടയ്ക്കുന്ന നോട്ടുകൾ കിട്ടാൻ റിസർവ് ബാങ്കിൽ പോകുന്നവരുണ്ടായിരുന്നു പഴയ കാലത്ത്. ഇപ്പോൾ പണ്ടേപ്പോലെ വരാറില്ലത്രെ.

കാഷ്‌ലെസ് ഇക്കോണമി അഥവാ കറൻസി നോ‍ട്ടുകൾ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന് ഇപ്പോഴും കുറവൊന്നുമില്ല. ഇന്ത്യയാകെ 31 ലക്ഷം കോടിയുടെ നോട്ടുകൾ ചാണക വറളി മുതൽ ചന്ദ്രയാൻ വരെയുള്ള കൊടുക്കൽ വാങ്ങലുകളിലുണ്ട്.

കറൻസി നോട്ടുകളിൽ മൺമറഞ്ഞ പ്രസിഡന്റുമാരുടെ പടം ഇടുന്ന അമേരിക്കയും രാജാവിന്റെയും രാജ്ഞിയുടെയും പടം ഇടുന്ന ബ്രിട്ടനും ഗാന്ധിജിയുടെ പടം ഇടുന്ന ഇന്ത്യയും അതിൽ നിന്ന് ഉടനടി മാറാനൊന്നും പോകുന്നില്ല. യൂറോപ്പിൽ യൂറോ കറൻസി നോട്ടുകളുടെ ഡിസൈൻ പരിഷ്കാരം നടക്കുകയാണത്രെ. കറൻസി നോട്ടിലെ പടത്തിന് ഏത് തീം വേണം? 7 നിർദേശങ്ങളുണ്ട്. നമ്മൾ യൂറോപ്പ് നിർമിക്കും എന്നർഥം വരുന്ന കൈകൾ, ഡാന്യൂബ് പോലെ നദിയുടെ പടം, സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രതീകം പോലെ പറവകളുടെ പടം...!

പക്ഷേ യൂറോപ്പിലും കാശിന്റെ കൈമാറ്റം കുറയുകയാണ്. ആകെ കാശിടപാടിന്റെ 59% മാത്രമേ നോട്ടുകളായിട്ടുള്ളു. 3 വർഷം മുൻപ് 72% കാശിടപാടും നോട്ടുകൾ വഴിയായിരുന്നതാണ്. അങ്ങനെ ലോകമാകെ നോട്ടുകൾ ഒരു വഴിക്കായി. മൊബൈൽ ഫോണിൽ കൂടി വരുന്നതെന്തോ അതാണ് കാശ്.

നമ്മുടെ നാട്ടിലോ? ആകെ കാശിടപാടിന്റെ 27% മാത്രമേ നോട്ടുകളായിട്ടുള്ളു. 2019ൽ 71% ആയിരുന്നതാണ്. കോവിഡ് കാലത്ത് പടേന്നൊരു വീഴ്ചയായിരുന്നേ. എല്ലാവരും ഡിജിറ്റലിലോട്ട് കേറി. യുപിഐ വഴി പണം കൈമാറ്റം ദിവസം 36 കോടി കവിഞ്ഞു. ലോകത്ത് നമ്പർ വൺ. 2026 ആകുമ്പോഴേക്കും നോട്ടിന്റെ ഇടപാട് വെറും 14% മാത്രമേ ഉണ്ടാവൂ എന്നാണത്രെ കാശിന്റെ കാലാവസ്ഥാ പ്രവചനം.

ഒടുവിലാൻ∙ കറൻസി നോട്ട് ഇപ്പോഴും നേരിട്ട് കെട്ടുകളായി കൊടുക്കുന്നത് കൂടുതലും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണത്രെ. യേത്? കാരണം ഊഹിക്കാമല്ലോ. അതിനർഥം ജനത്തിന്റെ കയ്യിൽ പൂത്തകാശ് ബാങ്കിൽ ഇടാതെ ഇപ്പോഴുമുണ്ടെന്നല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT