മുണ്ടക്കയം∙ 21 വയസു മാത്രമേ രാഖിക്കു പ്രായമുള്ളൂ. എന്നാൽ ഇതുവരെ അനുഭവിച്ചു തീർത്തത് ഒരു മനുഷ്യ ആയുസിലെ മുഴുവൻ ദുഃഖങ്ങളും ദുരിതങ്ങളുമാണ്. രാഖിയും കുടുംബവും ഇപ്പോൾ പൊരുതുന്നതു വിധിയോടാണ്. പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച രാഖി, ഒരു കുഞ്ഞിനെ സമ്മാനിച്ചു ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോഴും തളർന്നില്ല.
രണ്ടുവയസുകാരിയായ മകളെ വളർത്തുന്നതിനു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ രണ്ടു ജീവിതങ്ങളുടെ പ്രതീക്ഷ തകർത്തുക്കൊണ്ടായിരുന്നു അപ്രതീക്ഷിതമായി ഒരു വാഹനാപകടം ഉണ്ടാകുന്നത്. അതിന്റെ ബാക്കിയായി രാഖിയുടെ ശരീരത്തിൽ അവശേഷിച്ചതു ജീവൻ മാത്രം.
ഇളങ്കാട് മുക്കുളം കല്ലറയ്ക്കൽ സാലു–ഷീല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവളാണു രാഖി. 10 വർഷം മുമ്പു സാലു കാൻസർ ബാധിച്ചു മരിച്ചതോടെ ഷീല വീട്ടുജോലി ചെയ്താണു രണ്ടു പെൺമക്കളെയും വളർത്തിയത്. ഇതിനിടെ രാഖി പ്രണയിച്ചു വിവാഹിതയായെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു പോയി. ജോലിക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ലോറി രാഖിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അതീവ ഗുരുതര നിലയിൽ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ച രാഖി 70 ദിവസം അനക്കമില്ലാതെ കഴിഞ്ഞു. താടിയെല്ലിനുണ്ടായ തകർച്ച മാറ്റാൻ ഓപ്പറേഷൻ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ നടന്ന മേജർ ശസ്ത്രക്രിയയെ തുടർന്ന് രാഖി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരു വർഷം കൊണ്ട് രാഖി എഴുന്നേറ്റിരുന്നു. അപകടത്തെ തുടർന്നു രാഖിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു.
ദിവസവും 290 രൂപയുടെ മരുന്നാണു രാഖിയുടെ ആരോഗ്യത്തിനും ജീവനും ആവശ്യം. പക്ഷേ പട്ടിണി കൂട്ടുകാരനായി വീട്ടിൽ നിന്ന് ഇത്രയും തുകയ്ക്കുള്ള മരുന്ന് എന്നത് ഉൗഹിക്കാൻ പോലുമാകുന്നില്ല. നിത്യചെലവിനു പണം കണ്ടെത്താൻ കഴിയാതെ ആകുമ്പോൾ രാഖിയുടെ മരുന്നു മുടങ്ങും. ഇടയ്ക്കു മരുന്നു മുടങ്ങിയതിനെ തുടർന്നു അപസ്മാര രോഗവും രാഖിയെ ബാധിച്ചു.
മരുന്നിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന രാഖിക്കും കുടുംബത്തിനും വേണ്ടതു സുമനസുകളുടെ സഹായമാണ്. മൂന്നര സെന്റ് സ്ഥലവും അതിന്റെ ഇരട്ടി തുകയുടെ ബാധ്യതയും മാത്രമാണ് അമ്മ ഷീലയുടെ സമ്പാദ്യം. മകളെ ചികിൽസിക്കാനായി ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. ഒരു സഹായത്തിനായി ഇവർ കാത്തിരിക്കുകയാണ്. ഫോൺ – 8547289226
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഷീല സാലു:എസ്ബിഐ മുണ്ടക്കയം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: നമ്പർ 67221354962
ഐഎഫ്എസ്‌സി കോഡ്: SBIN0070133