സ്വന്തമായി വീടില്ല, കടം വീട്ടാൻ പണമില്ല, മരുന്നിനു പോലും ഒന്നുമില്ല

charity-biju-muhammed-ali
ബിജു മുഹമ്മദ് അലിയും ഉമ്മ സുഹറയും.
SHARE

മട്ടാഞ്ചേരി∙ സ്വന്തമെന്നു പറയാനൊരു വീട്, മകന്റെ ചികിത്സയ്ക്കുള്ള പണം; രണ്ടും സുഹറയ്ക്ക് സ്വപ്നം മാത്രം. കടുത്ത പ്രമേഹത്തെ തുടർന്ന് കിടപ്പുരോഗിയായി മാറിയ മകനൊപ്പം ഒറ്റമുറി വാടക വീട്ടിൽ കഴിയുന്ന സുഹറ പരിസരവാസികളായ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്.

ശസ്ത്രക്രിയയിലൂടെ പാൻക്രിയാസ് നീക്കം ചെയ്ത ശേഷം 17 വർഷമായി മകൻ ബിജു മുഹമ്മദ് അലി (42) കിടന്ന കിടപ്പാണ്. ദിവസവും 3 നേരം പ്രമേഹത്തിനുള്ള ഇൻസുലിൻ കുത്തിവയ്പ് എടുക്കണം. മറ്റു മരുന്നുകളുമുണ്ട്. ഇതൊന്നും വാങ്ങാൻ പണമില്ലാതെ വലയുകയാണ് ഉമ്മ സുഹറ. നസ്രത്ത് മിൽമ ജംക്‌ഷന് സമീപം വാടക വീട്ടിലാണ് താമസം. ഒന്നാം നിലയിലായതിനാൽ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോകണമെങ്കിൽ ബന്ധുവായ ഓട്ടോ ഡ്രൈവർ എടുത്ത് താഴെ ഇറക്കും.

തണൽ പാലിയേറ്റീവ് കെയർ പ്രവർത്തകർ ഇടയ്ക്കിടെ വീട്ടിലെത്തി മരുന്ന് നൽകാറുണ്ട്.  കോവിഡ് ലോക്ഡൗൺ കാലത്ത് മരുന്ന് മുടങ്ങി. ഒന്നര മാസം മുൻപ് രോഗം കടുത്തതോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കായി ചെലവായ തുകയിൽ 22,000 രൂപ ഇനിയും ആശുപത്രിയിൽ കൊടുക്കാനുണ്ട്. ആശുപത്രിയിൽ നിന്ന് ഇന്നലെയും വിളിച്ചിരുന്നു.  

പണം എത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എന്തു ചെയ്യണമെന്ന് സുഹറയ്ക്ക് അറിയില്ല. വാച്ച്മാനായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ബിജു കിടപ്പായത്.  ഇൻസുലിൻ എടുക്കാത്തതിനാൽ ബിജു തുടർച്ചയായി ചർദിക്കുന്നുണ്ട്. വാടക കൊടുക്കാനും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് സുഹറ. അലിവിന്റെ സ്വരത്തിന് കാതോർക്കുകയാണ്  ഈ കുടുംബം. 8714387433.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA